റിയാദ്– റിയാദിനു നേരെ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു തകർത്തു. എന്നാൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് റിയാദിലെ റെസിഡൻഷ്യൽ കെട്ടിടത്തിനും കാറിനും നിർമാണത്തിലിരുന്ന പദ്ധതി പ്രദേശത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന സാധാരണ സുരക്ഷാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് തന്നെ തകർക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി സ്ഥിരീകരിച്ചു.
റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി
നേരത്തെ, റിയാദ്, അൽഖർജ്, റിയാദ് പ്രവിശ്യയിലെ അൽഹരീഖ്, നജ്റാൻ, ഖമീസ് മുശൈത്ത്, അബഹ എന്നീ പ്രദേശങ്ങളിൽ ആക്രമണ സാധ്യതയെക്കുറിച്ച് ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം’ വഴി സിവിൽ ഡിഫൻസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഈ പ്രദേശങ്ങളിൽ അപകടസാധ്യത ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
ഇതിനുപുറമെ, ദക്ഷിണ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂത്തികൾ അയച്ച നാല് ഡ്രോണുകളും കിഴക്കൻ സൗദിയിലേക്ക് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഇന്ന് പുലർച്ചെ സഖ്യസേന വിജയകരമായി തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു.



