ഏദൻ- ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർക്കെതിരെ വിവിധ മേഖലകളിൽ നടത്തിയ സൈനിക നടപടികളിൽ 950 ഹൂത്തി പോരാളികൾ കൊല്ലപ്പെട്ടതായി യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ സേന അറിയിച്ചു. ‘ഡോൺ ഓഫ് യെമൻ’ എന്ന പേരിൽ തുടരുന്ന സൈനിക മുന്നേറ്റത്തിന്റെ ഭാഗമായി 1,879 അതിശക്തമായ സൈനിക നീക്കങ്ങളാണ് നടത്തിയത്.
ഈ നടപടികളിൽ ഹൂത്തികളുടെ 380 സൈനിക വാഹനങ്ങൾ തകർക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തിട്ടുണ്ടെന്ന് സൈനിക വക്താവ് കേണൽ മജീദ് അൽ നുസൈലി വ്യക്തമാക്കി. ഹൂത്തികളുടെ പ്രധാന താവളങ്ങൾ, കമാൻഡ് സെന്ററുകൾ, ആയുധപ്പുരകൾ, മറ്റ് തന്ത്രപ്രധാന സൈനിക സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.
സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കരുത്: യാത്രക്കാർക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്
തലസ്ഥാനമായ സൻആ ഉൾപ്പെടെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പൂർണ്ണമായി തിരിച്ചുപിടിക്കാനുള്ള സർക്കാർ സേനയുടെ വൻ മുന്നേറ്റത്തിനിടയിലാണ് സൈനിക വക്താവ് വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ഈ കണക്കുകൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പുറത്തുവന്ന റിപ്പോർട്ടുകളോട് ഹൂത്തി വിഭാഗം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.







