സൻആ- റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും വ്യോമപാതകളും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യെമനിലെ ഹൂത്തികൾ. എല്ലാ വ്യോമയാന കമ്പനികളും ജീവനക്കാരും യാത്രക്കാരും സൗദി വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു.
മക്ക, മദീന എന്നീ പുണ്യനഗരങ്ങളിലെ വിമാനത്താവളങ്ങൾ ഒഴികെയുള്ള മറ്റ് വിമാനത്താവളങ്ങളും വ്യോമപാതകളും തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളാണെന്നും അവ സേനയുടെ പ്രവർത്തന മേഖലകളാണെന്നും യഹ്യ സരീഅ് വ്യക്തമാക്കി. റിയാദ് എയർപോർട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുത്തില്ലെങ്കിലും സൗദിയിലെ മറ്റ് എയർപോർട്ടുകൾക്ക് നേരെ പുതിയ ആക്രമണങ്ങൾ നടത്തുമെന്നാണ് ഹൂത്തികളുടെ ഭീഷണി.
റിയാദ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഒരാൾ ഈജിപ്ഷ്യൻ എയർ ഹോസ്റ്റസ്
അതിനിടെ, ആക്രമണത്തെത്തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി മുതിർന്ന വ്യോമയാന ഉദ്യോഗസ്ഥൻ അറിയിച്ചു. വിമാനത്താവളം അടച്ചിടുന്നത് 24 മണിക്കൂർ കൂടി (ഇന്ന് രാത്രി ഒമ്പതു മണി വരെ) നീട്ടിയതായി വ്യോമഗതാഗത നിരീക്ഷണ പ്ലാറ്റ്ഫോമായ ഫ്‌ലൈറ്റ് റഡാർ 24ഉം വ്യക്തമാക്കിയിട്ടുണ്ട്.







