റിയാദ്- സൗദി അറേബ്യയുടെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണം 27 ലക്ഷമായും വനിതാ പങ്കാളിത്തം 37 ശതമാനമായും ഉയർന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്‌മദ് അൽരാജ്ഹി വെളിപ്പെടുത്തി. പന്ത്രണ്ടാമത് റിയാദ് സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷം മുമ്പ് 17 ലക്ഷമായിരുന്ന സൗദി ജീവനക്കാരുടെ എണ്ണമാണ് ഇപ്പോൾ 27 ലക്ഷമായി വർദ്ധിച്ചത്. സൗദി യുവ പ്രതിഭകളിൽ സ്വകാര്യ മേഖലയ്ക്കുള്ള ആത്മവിശ്വാസമാണ് ഈ മികച്ച നേട്ടത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘വിഷൻ 2030’ പദ്ധതി ആരംഭിക്കുമ്പോൾ 17 ശതമാനമായിരുന്ന വനിതാ പങ്കാളിത്തം ഇപ്പോൾ 37 ശതമാനത്തിലേക്ക് ഉയർന്നതും ചരിത്രപരമായ മാറ്റമാണ്. സൗദി വനിതകൾ ജോലിസ്ഥലത്ത് തങ്ങളുടെ കഴിവും അച്ചടക്കവും തെളിയിച്ചിട്ടുണ്ടെന്നും 2030 ഓടെ വനിതാ പങ്കാളിത്തം 40 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പിന്തുണയോടെ 2020ൽ ആരംഭിച്ച തൊഴിൽ വിപണി തന്ത്രത്തിന്റെ 97 ശതമാനവും ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാർ ബന്ധങ്ങൾ, സൗദിവൽക്കരണം, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ വലിയ പരിഷ്‌കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കിയത്.
സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫോറത്തിൽ സാമ്പത്തിക-വികസന മേഖലകളിലെ അഞ്ച് പ്രധാന പഠനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. സ്മാർട്ട് കാർഷിക സാങ്കേതികവിദ്യകൾ, കൃത്രിമബുദ്ധി (എ ഐ) എന്നിവയിലൂടെ ഭക്ഷ്യ-ജല സുരക്ഷ ഉറപ്പാക്കൽ, പ്രാദേശിക പ്രതിഭകളിലേക്ക് അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യൽ തുടങ്ങിയ വിഷയം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







