സൻആ- സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്നും എണ്ണ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും തൊഴിലാളികൾ വിട്ടുനിൽക്കണമെന്ന് ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഈ കേന്ദ്രങ്ങൾ ഇപ്പോൾ തങ്ങളുടെ ആക്രമണത്തിനുള്ള നിയമാനുസൃതമായ ലക്ഷ്യങ്ങളായി മാറിയിരിക്കുകയാണെന്ന് ഹൂത്തി പൊളിറ്റിക്കൽ ബ്യൂറോ അംഗം മുഹമ്മദ് അൽ ബുഖൈതി എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സൈനിക നടപടികളിൽ 950 ഹൂത്തികൾ കൊല്ലപ്പെട്ടതായി യമൻ സർക്കാർ സേന
ഹൂത്തികളെ നേരിടാൻ സൗദി അറേബ്യ അമേരിക്കയുടെ സഹായം തേടി എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകോപനപരമായ പ്രസ്താവന. യെമനിലെ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടാൽ വേഗത്തിലുള്ളതും വേദനാജനകവുമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അൽ ബുഖൈതി മുന്നറിയിപ്പ് നൽകി. യെമനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയായാൽ, അമേരിക്കയെയും മേഖലയിലെ അവരുടെ എല്ലാ താത്പര്യങ്ങളെയും ലക്ഷ്യമാക്കി തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







