ന്യൂയോർക്ക്- ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ പ്രകടനത്തെയും സംവിധാനങ്ങളെയും കുറിച്ചുള്ള തങ്ങളുടെ നിലപാടിന് അടിവരയിടുന്ന നീക്കമെന്നോണം കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യു.എൻ മനുഷ്യാവകാശ കൗൺസിൽ അമേരിക്കൻ വിരുദ്ധ വാചാടോപം പ്രോത്സാഹിപ്പിക്കുന്നതായും അടിച്ചമർത്തൽ ഭരണകൂടങ്ങളെ പ്രീണിപ്പിക്കുന്നതായും, സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന മനുഷ്യാവകാശങ്ങളെ പരിഹസിക്കുന്നതായും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവിച്ചു.
ഇറാനിൽ അമേരിക്ക യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്തെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നും, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരായ രക്തരൂക്ഷിതമായ അടിച്ചമർത്തലിനിടെ ഇറാൻ അധികാരികൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്നും ഇറാനുമായി ബന്ധപ്പെട്ട യു.എൻ അന്താരാഷ്ട്ര വസ്തുതാന്വേഷണ ദൗത്യം വ്യാഴാഴ്ച വെളിപ്പെടുത്തി. ജനീവയിലെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന, സ്വതന്ത്ര അന്താരാഷ്ട്ര ദൗത്യം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട ഇറാനുമായുള്ള യുദ്ധത്തിനിടെ അമേരിക്കയുടെ പെരുമാറ്റത്തെയും 2025 ഡിസംബറിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളോടുള്ള ഇറാൻ സർക്കാരിന്റെ പ്രതികരണത്തെയും റിപ്പോർട്ടിലെ കണ്ടെത്തലുകൾ അഭിസംബോധന ചെയ്യുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 178 സാധാരണക്കാരുടെ മരണത്തിന് ഇടയാക്കി ഫെബ്രുവരി 28ന് ഇറാനിലെ പ്രൈമറി സ്‌കൂളും ഒരു സ്പോർട്സ് സ്ഥാപനവും ലക്ഷ്യമിട്ട് നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ തങ്ങളുടെ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചതായി യു.എൻ ദൗത്യം വിശദീകരിച്ചു.
യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
അതേസമയം, വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യത സൂചിപ്പിച്ച് ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നിർണായക വഴിത്തിരിവിലേക്ക് അടുക്കുകയാണെ് ട്രംപ് പ്രസ്താവിച്ചു. എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഡിജിറ്റൽ കറൻസി പ്ലാറ്റ്‌ഫോമായ ബിറ്റ്ബാങ്കിന് യു.എസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. ബിറ്റ്ബാങ്ക് ബിറ്റ്കോയിൻ വഴി കോടിക്കണക്കിന് ഡോളർ റെവല്യൂഷണറി ഗാർഡിന് കൈമാറിയതായും യു.എസ് ഉപരോധങ്ങൾ മറികടന്നതായും യു.എസ് ട്രഷറി വകുപ്പ് ആരോപിച്ചു.







