വാഷിംഗ്ടൺ– അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ വിദേശ കമ്പനികളെ ദുരുപയോഗം ചെയ്ത ഇറാന്റെ സാമ്പത്തിക ശൃംഖലകൾക്ക് അമേരിക്ക ശക്തമായ ഉപരോധമേർപ്പെടുത്തി. ഇറാന്റെ എണ്ണ വരുമാനം വിദേശത്തേക്ക് മാറ്റാനും, യു.എ.ഇ, തുർക്കി എന്നീ രാജ്യങ്ങൾ വഴി അത് സ്വർണ്ണവും പണവുമാക്കി മാറ്റി ഇറാനിലേക്കും വിവിധ വിദേശ സായുധ ഗ്രൂപ്പുകളിലേക്കും കടത്താനും സഹായിച്ച ഇടനിലക്കാർക്കും ഷെൽ കമ്പനികൾക്കുമാണ് യു.എസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.
ദുബായിൽ താമസിക്കുന്ന ഇറാൻ പൗരൻ സയ്യിദ് റൂഹുല്ല റസവിയാണ് ഈ ശൃംഖലയുടെ പ്രധാന സൂത്രധാരന്മാരിൽ ഒരാളെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. ഇയാൾ വഴി ഹോങ്കോംഗ്, യു.എ.ഇ, തുർക്കി എന്നിവിടങ്ങളിലൂടെ ഫണ്ടുകൾ കടത്തുകയും, തുടർന്ന് സ്വർണ്ണവും പണവുമാക്കി മാറ്റിയ തുക ‘മഹാൻ എയർ’ വിമാനങ്ങളിൽ ഇറാനിലേക്ക് എത്തിക്കുകയുമായിരുന്നു.
ഇറാന്റെ സാമ്പത്തിക ഭീകരത തടയും: സ്കോട്ട് ബെസെന്റ്
ഇറാനെതിരെയുള്ള സാമ്പത്തിക സമ്മർദ്ദം അമേരിക്ക ശക്തമായി തുടരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിന് അവരുടെ സൈന്യത്തിന് വേതനം നൽകാൻ കഴിയാത്ത അവസ്ഥ വരുന്നത് വരെ ഈ നടപടികൾ തുടരുമെന്ന് അദ്ദേഹം തൻ്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
“ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ചുറ്റുമുള്ള കുരുക്ക് മുറുകുകയാണ്, അവരുടെ സഖ്യകക്ഷികൾക്ക് പോലും അതിൽ നിന്ന് ഇറാനെ രക്ഷിക്കാൻ കഴിയില്ല. ഇറാന്റെ ഖജനാവ് ശൂന്യമാകുന്നതുവരെയും യുദ്ധ യന്ത്രങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും വിച്ഛേദിക്കപ്പെടുന്നതുവരെയും അമേരിക്ക പിന്മാറില്ല,” ബെസെന്റ് കൂട്ടിച്ചേർത്തു.
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പ്രത്യേക ക്യാമ്പെയ്നിന്റെ ഭാഗമായാണ് ട്രഷറി വകുപ്പിന്റെ ഈ പുതിയ നടപടികൾ. ഷാഡോ-ബാങ്കിംഗ് നെറ്റ്വർക്കുകൾ, ഇറാഖി ബാങ്കുകൾ, മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും ഷെൽ കമ്പനികൾ എന്നിവ വഴി ശതകോടിക്കണക്കിന് ഡോളറാണ് ഇറാൻ അനധികൃതമായി കടത്തിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സൈനിക-സായുധ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് പൂർണ്ണമായും തടസ്സപ്പെടുത്തുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.







