ന്യൂയോർക്ക്– സിവിലിയൻ വ്യോമയാന, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് സൗദി അറേബ്യക്കെതിരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ യു.എൻ രക്ഷാസമിതി ശക്തമായി അപലപിച്ചു. ഒക്ടോബർ 10, 11 തീയതികളിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, മറ്റ് പ്രമുഖ വിമാനത്താവളങ്ങൾ, സൗദി അറാംകോ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ നടന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് യു.എൻ കൗൺസിൽ പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സൗദി സർക്കാരിനും ജനങ്ങൾക്കും രക്ഷാസമിതി അനുശോചനം അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച യു.എൻ, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി സ്വയം പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.
വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്തണം
ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെയും ഭീഷണികളെയും കൗൺസിൽ അപലപിച്ചു. വാണിജ്യ കപ്പലുകളുടെയും അവയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അംഗങ്ങൾ ഓർമിപ്പിച്ചു.
ആയുധക്കടത്ത് തടയാൻ സംയുക്ത നീക്കം
ഹൂത്തികൾക്ക് ആയുധങ്ങളും സാങ്കേതിക സഹായവും ധനസഹായവും ലഭിക്കുന്നത് തടയാൻ യമൻ സർക്കാരുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു. 2015ലെ 2216-ാം നമ്പർ പ്രമേയം പൂർണ്ണമായി നടപ്പാക്കണമെന്നും, യമനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രുൻഡ്ബെർഗിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഒത്തുതീർപ്പിലെത്തണമെന്നും യു.എൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.







