ഏദൻ– അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ ഇടക്കാല തലസ്ഥാനമായ ഏദനിലെ മആശിഖ് പ്രസിഡൻഷ്യൽ പാലസിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹൈബഹ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരും സിവിലിയൻ ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്. മിസൈലുകൾക്ക് പുറമെ ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനുമുള്ള ഹൂത്തികളുടെ തുടർച്ചയായ നീക്കമാണിതെന്ന് യെമൻ സർക്കാർ കുറ്റപ്പെടുത്തി.
2020 ഡിസംബറിൽ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് ആരോഗ്യ മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. അന്ന് മന്ത്രിസഭാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയ വേളയിലുണ്ടായ സ്ഫോടനത്തിലും നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരുന്നു.







