തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 19 ചരക്കുകപ്പലുകൾ ആക്രമിച്ചതായി ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി അറിയിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനെ (IRGC) ഉദ്ധരിച്ചാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി 12 കപ്പലുകൾക്കും ശനിയാഴ്ച രാത്രി 7 കപ്പലുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ തീപിടിച്ച ഒരു കപ്പലിന്റെ ദൃശ്യങ്ങളും ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കൻ തീരത്തുനിന്ന് ഹോർമുസ് കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ക്രൂയിസ് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി പ്രാദേശിക റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആക്രമിക്കപ്പെട്ട കപ്പലുകളുടെ പേരുവിവരങ്ങളോ ഏത് രാജ്യങ്ങളുടേതാണെന്ന വിവരമോ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഹോർമുസ് കടലിടുക്കിൽ വെച്ച് യു.എസിന്റെ സ്വയം നിയന്ത്രിത അന്തർവാഹിനി (Unmanned Submarine) പിടിച്ചെടുത്തതായും റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. യു.എസ് സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇറാന്റെ ചർച്ചാ സംഘം വ്യക്തമാക്കി.
സൗദി പൈപ്പ്ലൈൻ ആക്രമണം: ഇസ്രായേലിനെതിരെ ഇറാൻ പ്രസിഡന്റ്
സൗദിയിലെ എണ്ണ പൈപ്പ്ലൈന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആരോപിച്ചു. മേഖലയിൽ സംഘർഷം വർധിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. സംഭവത്തിൽ ഇറാന് അല്ലെങ്കിൽ ഹൂതികൾക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പ്രസിഡന്റ് പുറത്തുവിട്ടിട്ടില്ല.
ഇറാന് വ്യാപാര സ്വാതന്ത്ര്യവും സാധാരണ ജീവിതവും നിഷേധിക്കപ്പെട്ടാൽ മേഖലയിൽ മറ്റാർക്കും അതിന് സാധിക്കില്ലെന്ന് ഇറാൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അമീർ ഹാതമി മുന്നറിയിപ്പ് നൽകി. സുപ്രധാന സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഇറ ജനതയ്ക്ക് വിലക്കിക്കൊണ്ട് ശത്രുക്കൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.







