വാഷിംഗ്ടണ്‍: ഇറാനെതിരായ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിലൂടെ ഭരണകൂടത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് പറഞ്ഞു. ട്രംപ് ഭീഷണിപ്പെടുത്തിയ സാമ്പത്തിക യുദ്ധം വിജയിക്കും. ഞങ്ങള്‍ ഈ ഭരണകൂടത്തെ മുട്ടുകുത്തിക്കും. ലോകചരിത്രത്തിലെ ഏറ്റവും വലിയ ഏകോപിത സാമ്പത്തിക ഒറ്റപ്പെടലായിരിക്കും ഇത് – സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിസെന്റ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച, ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്ന വിഷയത്തില്‍ ഒന്നുകില്‍ ഞങ്ങളോടൊപ്പമോ അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെയോ ആയിരിക്കുന്ന് യു.എസ് ട്രഷറി സെക്രട്ടറി അമേരിക്കയുടെ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പല സംഭാഷണങ്ങളും സ്വകാര്യമായി നടത്തുന്നതാണ് നല്ലത് എന്ന്, ഇറാനെതിരായ സാമ്പത്തിക ഉപരോധത്തില്‍ അമേരിക്ക ചൈനയെ സമ്മര്‍ദ്ദത്തിലാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ബിസെന്റ് പറഞ്ഞു. പക്ഷേ പദ്ധതിയുമായി സഹകരിക്കാനും പൊരുത്തപ്പെടാനും അദ്ദേഹം ചൈനയെ പ്രേരിപ്പിച്ചു. ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നടപടികളിലേക്ക് അമേരിക്ക തിരിയാനുള്ള സാധ്യത കുറക്കും. നമ്മള്‍ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍, വലിയ തോതിലുള്ള സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരില്ല എന്നാണ് അര്‍ഥമാക്കുന്നത്. പക്ഷേ ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മാത്രമേ ശരിയാകൂ എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും ഊര്‍ജ വില കുറയണമെന്നും എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് ചൈനയുടെ ഊര്‍ജ ആവശ്യത്തിന്റെ 50 ശതമാനം ലഭിക്കുന്നത്. അതിനാല്‍ ഈ ശ്രമത്തില്‍ ചേരുന്നത് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് വളരെ ഗുണകരമാകും. ഇറാനുമായി ബന്ധപ്പെട്ട് നമ്മള്‍ എന്തുചെയ്യുമെന്ന് പ്രത്യേകമായി സംസാരിക്കാന്‍ തിങ്കളാഴ്ച പത്രസമ്മേളനം നടത്തുമെന്നും യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും പുതിയ സാമ്പത്തിക, വ്യാപാര ഉപരോധങ്ങളെ ഇറാന്‍ വിദേശ മന്ത്രാലയം അപലപിച്ചു. അവ സാമ്പത്തിക ഭീകരതയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്നും എല്ലാ ഇറാനികളെയും ലക്ഷ്യമിടുന്നുവെന്നും മന്ത്രാലയം പറഞ്ഞു. ഓരോ ഇറാന്‍ പൗരന്റെയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലക്ഷ്യമിടുന്ന, ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ സാമ്പത്തിക ഭീകരതക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഉദാഹരണമാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് ഉത്തരവാദികളായവര്‍ വിചാരണ ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും അര്‍ഹരാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ നടപടികള്‍ സ്വാതന്ത്ര്യം, ദേശീയ പരമാധികാരം, താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കാനുള്ള ഇറാന്റെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലപ്പെടുത്തില്ലെന്നും വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







