ദുബായ്- പേർഷ്യൻ കടലിടുക്കിന് മുകളിൽ നിരീക്ഷണ പറക്കൽ നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ ഏറ്റവും അത്യാധുനികവും വിലയേറിയതുമായ ‘എംക്യു-4സി ട്രൈറ്റൺ’ (MQ-4C Triton) ഡ്രോൺ അപ്രത്യക്ഷമായി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ നിരീക്ഷണ വിമാനവുമായുള്ള ബന്ധം യുഎസ് സൈന്യത്തിന് നഷ്ടമായത്. ഇറ്റലിയിലെ സിഗോനെല്ല നേവൽ എയർ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.


ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം 52,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് 9,500 അടിയിലേക്ക് താഴുകയും 15 മിനിറ്റിനുള്ളിൽ സിഗ്നലുകൾ പൂർണ്ണമായും നിലയ്ക്കുകയുമായിരുന്നു. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന ‘7400’ എന്ന ട്രാൻസ്‌പോണ്ടർ കോഡും, തൊട്ടുപിന്നാലെ അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന ‘7700’ എന്ന കോഡും വിമാനത്തിൽ നിന്ന് പുറപ്പെടുവിച്ചിരുന്നു. അവസാന നിമിഷങ്ങളിൽ ഡ്രോൺ ഇറാന്റെ ഭാഗത്തേക്ക് നീങ്ങിയതായാണ് സൂചന. വിമാനം പേർഷ്യൻ കടലിടുക്കിൽ തകർന്നു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇറാൻ വികസിപ്പിച്ചെടുത്ത അത്യാധുനിക ജാമിംഗ് അല്ലെങ്കിൽ ജിപിഎസ് സ്പൂഫിംഗ് പോലുള്ള ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോണിനെ തകർത്തതാകാമെന്ന് പ്രതിരോധ വിദഗ്ധർ സംശയിക്കുന്നു. എന്നാൽ സാങ്കേതിക തകരാറാണോ അതോ ശത്രുരാജ്യത്തിന്റെ ആക്രമണമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 2019-ൽ സമാനമായ രീതിയിൽ അമേരിക്കയുടെ ആർക്യു-4എ (RQ-4A) ഡ്രോണിനെ ഇറാൻ മിസൈൽ ഉപയോഗിച്ച് വെടിവെച്ചിട്ടിരുന്നു. മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു. സമുദ്ര നിരീക്ഷണത്തിനായി അമേരിക്ക ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന സാങ്കേതികതയുള്ള ഈ യുദ്ധവിമാനം നഷ്ടപ്പെട്ടത് യുഎസ് സൈന്യത്തിന് വലിയ തിരിച്ചടിയാണ്.
#USNAVY United States Navy – 🚨 7700 General Emergency
— Armchair Admiral 🇬🇧 (@ArmchairAdml) April 9, 2026
Northrop Grumman MQ-4C Triton 1x#AE7815 169804 – Unknown C/S
A US Navy MQ-4 drone operating over the Persian Gulf and Strait of Hormuz has declared an emergency en route back to Sigonella Naval Station.
At 0956z it made a… pic.twitter.com/xbqvrOby2t
സാധാരണഗതിയിൽ ആശയവിനിമയം നഷ്ടപ്പെട്ടാൽ ഡ്രോണുകൾ തനിയെ ലാൻഡ് ചെയ്യാറില്ല, പകരം സിഗ്നൽ തിരികെ കിട്ടുന്നത് വരെയോ ഇന്ധനം തീരുന്നത് വരെയോ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് പതിവ്. എന്നാൽ ഈ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ വിമാനം തകരുകയോ, അതീവ സങ്കീർണ്ണമായ സൈബർ ആക്രമണത്തിന് ഇരയാവുകയോ ചെയ്തതുകൊണ്ടാകാമെന്നാണ് സംശയം. കഴിഞ്ഞ ആറാഴ്ചയായി ഇറാന്റെ ഇലക്ട്രോണിക് സംവിധാനങ്ങൾക്ക് മേൽ യുഎസ്-ഇസ്രായേൽ സേനകൾ കനത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, താൽക്കാലികമായെങ്കിലും വിമാനത്തിന്റെ ആശയവിനിമയ ശൃംഖലയെ തകർക്കാൻ ഇറാനു സാധിച്ചിരിക്കാം എന്ന സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല.



