വാഷിംഗ്ടൺ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാരുടെ അക്രമങ്ങൾ പെരുകുന്നതിലും കുടിയേറ്റ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ കടുത്ത ആശങ്കയും മുന്നറിയിപ്പും രേഖപ്പെടുത്തി. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ സാന്നിധ്യം നിയമവിരുദ്ധമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് യു.എൻ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ വെസ്റ്റ് ബാങ്കിൽ ഒരു കുട്ടിയുൾപ്പെടെ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിന്റെ വക്താവ് രവീന ഷംദാസാനി പറഞ്ഞു. പ്രദേശവാസികൾക്ക് നേരെയുള്ള ആക്രമണം, സ്വത്ത് വകകൾ കണ്ടുകെട്ടലും നശിപ്പിക്കലും, മസ്ജിദുകൾക്ക് തീയിടൽ എന്നിവയടക്കം ജൂത കുടിയേറ്റക്കാരും ഇസ്രായേലി സുരക്ഷാസേനയും ചേർന്ന് തുടരുകയാണ്. പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അടിസ്ഥാന സേവനങ്ങൾ ലഭിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുമുണ്ട്.
കുടിയേറ്റ കേന്ദ്രങ്ങളും ഔട്ട്പോസ്റ്റുകളും വികസിപ്പിക്കുമെന്ന ഇസ്രായേൽ സർക്കാരിന്റെ പ്രഖ്യാപനത്തിലും ഫലസ്തീനികൾക്കെതിരെ കൂട്ടശിക്ഷയും പ്രതികാര നടപടികളും സ്വീകരിക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്നതിലും യു.എൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അക്രമങ്ങളും കുടിയേറ്റ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും അധിനിവേശം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
ഗാസയിൽ എലിശല്യവും ശുചിത്വ പ്രതിസന്ധിയും
ഗാസ മുനമ്പിൽ ശുചിത്വ സേവനങ്ങൾ ത തകരാറിലായതും എലിശല്യവും കാരണം ഗുരുതരമായ ആരോഗ്യപ്രതിസന്ധി ഉയരുന്നതായി യു.എൻ മാനുഷികകാര്യ ഏകോപന ഓഫീസ് മുന്നറിയിപ്പ് നൽകി. എലി നിയന്ത്രണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കുടിവെള്ള-ശുചിത്വ മേഖലകൾ മെച്ചപ്പെടുത്താനും യു.എൻ ഏജൻസികൾ ശ്രമിച്ചുവരികയാണ്.
തീവ്രമായ കുടിവെള്ള ക്ഷാമത്തിനിടയിലും വെള്ളം, ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാനുള്ള വികസന പദ്ധതികൾ തുടരുന്നുണ്ട്. നിലവിൽ 4,30,000-ഓളം കുട്ടികൾ 600-ലധികം താൽക്കാലിക പഠന കേന്ദ്രങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ട്. എങ്കിലും സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ പകുതിയോളം പേർക്ക് ഇപ്പോഴും വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമല്ലെന്നും വ്യക്തമാക്കുന്നു.
വ്യോമാക്രമണത്തിൽ വീണ്ടും മരണം
അതേസമയം, ഗാസയിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും അഭയാർഥികൾ കഴിയുന്ന കൂടാരവും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയുടെ വടക്ക്, കിഴക്ക് മേഖലകളിൽ പീരങ്കി ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്. ഒപ്പം നിരവധി പാർപ്പിട സമുച്ചയങ്ങൾ സൈന്യം തകർക്കുകയും ചെയ്തു.





