ന്യൂയോര്‍ക്ക് – ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുന്നത് ആഗോള ഭക്ഷ്യ സംവിധാനങ്ങള്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ) മുന്നറിയിപ്പ് നല്‍കി. ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞു. ഇത് എണ്ണ, വാതകം, വളങ്ങള്‍ എന്നിവയുടെ ഒഴുക്കിനെ ബാധിച്ചു. കൂടാതെ ഗതാഗത, ഇന്‍ഷുറന്‍സ് ചെലവുകള്‍ ഗണ്യമായി വര്‍ധിച്ചു. വളങ്ങളുടെ വില ഇതിനകം ഉയര്‍ന്നിട്ടുണ്ട്. വരും മാസങ്ങളില്‍ 20 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. ഇത് കാര്‍ഷിക ഉല്‍പാദനച്ചെലവ് വര്‍ധിപ്പിക്കും. തുടര്‍ച്ചയായ പ്രതിസന്ധി ഉല്‍പ്പാദനം കുറയാനും കാര്‍ഷിക രീതികളില്‍ മാറ്റങ്ങള്‍ക്കും കാരണമാകും. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഈജിപ്ത്, സുഡാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുമെന്ന് ഇവർ വ്യക്തമാക്കി. ബദല്‍ വ്യാപാര മാര്‍ഗങ്ങള്‍ തുറക്കുക, ബാധിത രാജ്യങ്ങളെ പിന്തുണക്കുക, സുസ്ഥിര കൃഷിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയുള്‍പ്പെടെ അടിയന്തിര അന്താരാഷ്ട്ര നടപടികള്‍ക്ക് എഫ്.എ.ഒ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



