ന്യൂഡൽഹി: രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിർദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. യും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ പൊതുമരാമത്ത് മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തുക അനുവദിക്കാൻ ധാരണയായത്.
ചർച്ചയിൽ പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുല്ല, അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, ചീഫ് എൻജിനീയർ ഐ.എസ്. വർഗീസ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ധാരണയായ പ്രധാന പദ്ധതികളും തുകയും:
കൊല്ലം-തേനി ദേശീയപാത വികസനം: കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള നാലുവരിപ്പാത വികസനത്തിനായി 1663 കോടി രൂപ.കോഴിക്കോട് – പാലക്കാട് സ്റ്റേറ്റ് ഹൈവേ പ്രവൃത്തികൾ (NH-966): ഈ റൂട്ടിലെ നിലവിലെ നിർമാണ പ്രവൃത്തികൾക്കായി 172 കോടി രൂപ.കൊല്ലം – തിരുമംഗലം റൂട്ട് (NH-744): നിലവിലുള്ള പാതയുടെ നവീകരണത്തിനായി 98.40 കോടി രൂപ.തിരുവനന്തപുരം – കളിയിക്കാവിള പാത (NH-66): കഴക്കൂട്ടം മുതൽ ബാലരാമപുരം വരെയുള്ള പഴയ ദേശീയപാത ഒറ്റത്തവണ നന്നാക്കുന്നതിനായി 66 കോടി രൂപ.
വയനാട് – കർണാടക ബന്ധിപ്പിക്കുന്ന പാലം: വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്ന് കർണാടകയിലെ ബൈരക്കുപ്പയിലേക്ക് കബനി നദിക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിന് 40 കോടി രൂപ.ഗ്രീൻഫീൽഡ് പാത: ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട്-പാലക്കാട് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
കേന്ദ്രം തത്വത്തിൽ അംഗീകരിച്ച മറ്റ് പദ്ധതികൾ:
റോപ് വേ നിർമാണം: ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) ഉടൻ തയ്യാറാക്കും.അടിമാലി-കുമളി ദേശീയ പാത വികസനം (NH-185): അടിമാലി-കുമളി ദേശീയപാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് ഉടൻ അനുമതി ലഭ്യമാകും.കൊടുങ്ങല്ലൂർ – അങ്കമാലി ബൈപ്പാസ്: ഈ ബൈപ്പാസിന്റെ അലൈൻമെന്റ് ഉടൻ ലഭ്യമാക്കും.
വെല്ലിങ്ടൺ ഐലൻഡ് – കുണ്ടന്നൂർ ബൈപ്പാസ്: ഈ ബൈപ്പാസിനെ അരൂർ-അങ്കമാലി ബൈപ്പാസുമായി ബന്ധിപ്പിക്കും.
കോതമംഗലം – മൂവാറ്റുപുഴ ബൈപ്പാസുകൾ: പരിഷ്കരിച്ച പുതിയ അലൈൻമെന്റിന് മൂന്ന് മാസത്തിനകം അംഗീകാരം നൽകും.



