വാഷിംഗ്ടണ്‍ – അടുത്ത ആഴ്ചക്കുള്ളില്‍ ഇറാനുമായി സമാധാന കരാറില്‍ എത്തുമെന്ന് വിശ്വസിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ചെറിയ തകരാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത് വളരെ വേഗത്തില്‍ താന്‍ പരിഹരിച്ചു. അത് ലെബനോനിലെ ഇസ്രായിലി ആക്രമണങ്ങളില്‍ ഇറാന്റെ അതൃപ്തിയുമായി ബന്ധപ്പെട്ടതാണ്. ഞാന്‍ ഹിസ്ബുല്ലയുമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു. ആക്രമണം പാടില്ലെന്ന് ഇരു വിഭാഗത്തോടും ഞാന്‍ പറഞ്ഞു. ഇരുപക്ഷവും പരസ്പരം ആക്രമണം നിര്‍ത്തിയെന്ന് ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള സമാധാന കരാര്‍ സൈനിക വിജയത്തേക്കാള്‍ മികച്ചതായിരിക്കും. ഇത് ലളിതമല്ല. വളരെ തീവ്രമായ ശത്രുതക്കിടയില്‍ ഒരു വലിയ രാജ്യം ഒരു കരാര്‍ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അവര്‍ക്കും ഞങ്ങള്‍ക്കും ഇത് എളുപ്പമല്ല. പക്ഷേ ലക്ഷ്യത്തില്‍ ഞങ്ങള്‍ എത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ധാരണാപത്രം അന്തിമമാക്കാനും അംഗീകരിക്കാനും അടുത്ത ആഴ്ച സാധിക്കുമെന്ന് കരുതുന്നു. കുറച്ച് കാര്യങ്ങള്‍ കൂടി പരിഹരിക്കേണ്ടതുണ്ട് എന്നതിനാല്‍ കരാര്‍ ഇതുവരെ താന്‍ അംഗീകരിച്ചിട്ടില്ല. ഇറാന്‍ അമേരിക്കയുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് കൂട്ടിചേർത്തു.
ലെബനോനിലേക്ക് കൂടുതല്‍ നുഴഞ്ഞുകയറാന്‍ ഇസ്രായില്‍ സൈന്യത്തോട് ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇറാന്‍ അമേരിക്കയുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നത് അമേരിക്ക ഇറാനില്‍ ബോംബാക്രമണം ആരംഭിക്കുമെന്ന് അര്‍ഥമാക്കുന്നില്ലെന്നും ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



