റിയാദ്: ബ്രീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026-ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരത്തിന് പ്രമുഖ സാമൂഹ്യപ്രവർത്തകൻ റാഫി പാങ്ങോട് അർഹനായി. സൗദി അറേബ്യ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും, നാട്ടിൽ വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തതിനാണ് അംഗീകാരം.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുമെന്നും ബ്രീസ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.




