ജിദ്ദ – നിയമ ലംഘകരെ കണ്ടെത്താൻ സൗദിയില്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 14,000 ലേറെ പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 14,970 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 7,437 പേര്‍ ഇഖാമ നിയമ ലംഘകരും 3,991 പേര്‍ നുഴഞ്ഞുകയറ്റക്കാരും 3,542 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,626 പേര്‍ പിടിയിലായി. ഇക്കൂട്ടത്തില്‍ 37 ശതമാനം പേര്‍ യെമനികളും 62 ശതമാനം പേര്‍ എത്യോപ്യക്കാരും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിര്‍ത്തികള്‍ വഴി രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 33 പേരെ പിടികൂടി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 18 പേരും അറസ്റ്റിലായി.
നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ 30,546 നിയമ ലംഘകര്‍ കഴിയുന്നു. ഇക്കൂട്ടത്തില്‍ 1,989 പേര്‍ വനിതകളും 28,557 പേര്‍ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 17,747 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 6,113 പേര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ രാജ്യത്ത് നിനന് 13,251 നിയമ ലംഘകരെ നാടുകടത്തി.
സൗദിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും മറ്റു സഹായങ്ങളും നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.




