ടെന്നസി- രണ്ട് തവണ വിഷം കുത്തിവെച്ച് വധശിക്ഷാനവിധി നടപ്പാക്കിയിട്ടും മരിക്കാതെ വനിതാ കുറ്റവാളി. അമേരിക്കയിലെ ടെന്നസിയിലാണ് അസാധാരണ സംഭവം. ടെന്നസിയിലെ റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ജയിലിൽ കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട അൻപതുകാരിയായ ക്രിസ്റ്റ പൈക്കിന് വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ മാരകമായ മരുന്ന് രണ്ട് തവണ പ്രയോഗിച്ചിട്ടും ക്രിസ്റ്റ പൈക്കിന്റെ ഹൃദയമിടിപ്പ് നിലച്ചില്ല. ഇതോടെ വധശിക്ഷാ നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
19 വയസ്സുകാരിയായ കോളിൻ സ്ലെമ്മറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 1996 മുതൽ വധശിക്ഷ കാത്തുകഴിയുന്ന ടെന്നസിയിലെ ഏക വനിതാ തടവുകാരിയാണ് ക്രിസ്റ്റ പൈക്ക്. കഴിഞ്ഞ ദിവസമാണ് പെന്റോബാർബിറ്റൽ എന്ന മാരക രാസവസ്തുവിന്റെ ആദ്യ ഡോസ് ഇവരുടെ ശരീരത്തിലേക്ക് കുത്തിവെച്ചത്. ആദ്യ കുത്തിവെപ്പിന് ശേഷം മരിക്കാതെ കടുത്ത വേദനയോടെ ക്രിസ്റ്റ പൈക്ക് ഉറക്കെ ശ്വാസമെടുക്കുന്നതുകണ്ട് അധികൃതർ ഭയന്നു. 20 മിനുട്ടിന് ശേഷം രണ്ടാം ഡോസും നൽകിയെങ്കിലും ഫലമുണ്ടായില്ല. വധശിക്ഷാ നടപടികൾ ക്രൂരമായ ശാരീരിക പീഡനമായെന്ന് ചൂണ്ടിക്കാട്ടി ക്രിസ്റ്റ പൈക്കിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു.
ക്രിസ്റ്റ പൈക്കിന് ബോധം നഷ്ടപ്പെട്ടെങ്കിലും ഹൃദയമിടിപ്പുണ്ടെന്നും അവർ മരണവേദനയോടെ ശബ്ദമുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിച്ച് ഡിസ്ട്രിക്ട് ജഡ്ജി ക്ലിഫ്റ്റൺ എൽ കോർക്കർ വധശിക്ഷ താത്കാലികമായി തടയാനും ജീവൻ രക്ഷിക്കാനുള്ള മെഡിക്കൽ പരിചരണം നൽകാനും ഉത്തരവിടുകയായിരുന്നു.
ക്രൂരമായ കൊലക്ക് കാരണം സംശയം
1995 ജനുവരിയിൽ ക്രിസ്റ്റ പൈക്കിന് 18 വയസ്സുള്ളപ്പോഴാണ് കൊലപാതകം നടക്കുന്നത്. നോക്‌സ്വില്ലിലെ ‘ജോബ് കോർപ്‌സ്’ പരിശീലന കേന്ദ്രത്തിൽ സഹപാഠിയായിരുന്ന കൊളീൻ സ്ലെമ്മർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. തന്റെ കാമുകനായ ഡാരിയൽ ഷിപ്പുമായി സ്ലെമ്മറിന് അടുപ്പമുണ്ടെന്ന അസൂയയും സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൈക്കും കാമുകനും മറ്റൊരു കൂട്ടുകാരിയും ചേർന്ന് സ്ലെമ്മറിനെ വിജനമായ വനപ്രദേശത്തേക്ക് വിളിച്ചുവരുത്തുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സ്ലെമ്മറിനെ ബോക്‌സ് കട്ടർ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും നെഞ്ചിൽ സാത്താൻ ആരാധനയുടെ ചിഹ്നമായ ‘പെന്റഗ്രാം’ വരക്കുകയും ചെയ്തു. തുടർന്ന് കോൺക്രീറ്റ് കഷ്ണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സ്ലെമ്മറിന്റെ തലയോട്ടിയിലെ ഒരു കഷ്ണം പൈക്ക് സൂക്ഷിക്കുകയും ചെയ്തിരുന്നു.
1996ൽ നടന്ന വിചാരണയിൽ ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചു. അമേരിക്കയിൽ മരണശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീകളിൽ ഒരാളായി പൈക്ക് മാറി. അന്ന് 20 വയസ്സായിരുന്നു പൈക്കിന്. കൊലപാതകത്തിൽ പങ്കാളിയായ കാമുകൻ ഡാരിയൽ ഷിപ്പിന് കുറ്റകൃത്യ സമയത്ത് 17 വയസ്സായിരുന്നതിനാൽ ജീവപര്യന്തം തടവാണ് ലഭിച്ചത്.
അതേസമയം, ചെറുപ്പത്തിൽ നേരിടേണ്ടി വന്ന കടുത്ത ശാരീരിക ലൈംഗിക പീഡനങ്ങളും ബൈപോളാർ ഡിസോർഡർ, പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് തുടങ്ങിയ മാനസിക രോഗങ്ങളുമാണ് തന്റെ പ്രവൃത്തിക്ക് കാരണമെന്ന് ശിക്ഷാ ഇളവ് ലഭിക്കാൻ പൈക്ക് കോടതിയിൽ വാദിച്ചിരുന്നു.







