തെഹ്‌റാൻ- ഇറാഖിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെ ‘ചരിത്രപരമായ വിജയം’ എന്ന് വിശേഷിപ്പിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ്. മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ സേന പൂർണ്ണമായും പിന്മാറണമെന്ന് ആവശ്യപ്പെട്ട ഇറാൻ, ഈ നേട്ടത്തിൽ ഇറാഖി ജനതയെയും ഇസ്ലാമിക് റെസിസ്റ്റൻസിനെയും ഇസ്ലാമിക ലോകത്തെ വിപ്ലവ പോരാളികളെയും അഭിനന്ദിക്കുന്നതായി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരസംഘടനയ്‌ക്കെതിരെ പോരാടുന്നതിനായി 2014ലാണ് യു.എസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേന ഇറാഖിലും സിറിയയിലും വിന്യസിക്കപ്പെട്ടത്. തങ്ങളുടെ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ച് സഖ്യസേന കഴിഞ്ഞ ബുധനാഴ്ചയോടെ ഇറാഖിൽ നിന്ന് പൂർണ്ണമായി പിന്മാറി.
2017ൽ ഇറാഖിലും 2019ൽ സിറിയയിലും വെച്ച് ഐ.എസ് ഭീകരരെ സഖ്യസേന പൂർണ്ണമായി പരാജയപ്പെടുത്തിയിരുന്നുവെങ്കിലും, മേഖലയിൽ അവശേഷിക്കുന്ന ഭീകരവാദ ഭീഷണികൾ നേരിടുന്നതിനായി സൈന്യം തുടരുകയായിരുന്നു. ഇനി മേഖലയിലെ സുരക്ഷാ ചുമതലകൾ അതത് രാജ്യങ്ങൾ തന്നെ ഏറ്റെടുക്കണമെന്നും യു.എസ് തങ്ങളുടെ സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിക്കണമെന്നും റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







