ദുബായ്: കോക്ക്പിറ്റിലുണ്ടായ അതിക്രമത്തിനിടെ സമയോചിതമായി ഇടപെട്ട് 174ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ നിന്ന് യു.എ.ഇയിലേക്ക് വിമാനമാർഗ്ഗം മാറ്റി. യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സന്ദർശിച്ചു.
ക്യാപ്റ്റൻ മച്ചാറിന്റെ ആരോഗ്യനിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ പ്രാദേശിക അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ അംബാസഡർ ഡോ. ദീപക് മിത്തലും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡിയും ദുബായിൽ വെച്ച് സ്മിതിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യു.എ.ഇ
ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന എഫ്.ഇസെഡ് 1073 (എദ 1073) ബോയിംഗ് വിമാനത്തിൽ വെച്ച് സഹ-പൈലറ്റിൽ നിന്ന് ക്രൂരമായ ആക്രമണമാണ് ക്യാപ്റ്റൻ സ്മിതിന് നേരിടേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റിട്ടും തറയിൽ കിടന്നുകൊണ്ട് തന്നെ കോക്ക്പിറ്റിന്റെ ഡോർ റിലീസ് സംവിധാനം പ്രവർത്തിപ്പിക്കാൻ സ്മിതിന് സാധിച്ചു. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും കോക്ക്പിറ്റിൽ കടന്ന് ആക്രമണകാരിയെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. തബൂക്കിൽ വെച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് അദ്ദേഹത്തെ യു.എ.ഇയിലേക്ക് മാറ്റിയത്.
വലിയൊരു ദുരന്തം ഒഴിവാക്കി നൂറുകണക്കിന് ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ രാജ്യത്തിന്റെ വീരനായകനാണെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ആഗോള നേതാക്കളും ലോകമെമ്പാടുമുള്ള മാധ്യമങ്ങളും അദ്ദേഹത്തിന്റെ ധീരതയെയും സമചിത്തതയെയും അത്യധികം പ്രകീർത്തിച്ചു.







