ജനീവ – ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം റൗണ്ട് ആണവ ചര്‍ച്ചകള്‍ ജനീവയില്‍ അവസാനിച്ചു. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ഒമാന്‍ വിദേശ മന്ത്രി ബദര്‍ അല്‍ബൂസഈദി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി രണ്ട് സെഷനുകളിലായി നേരിട്ടും അല്ലാതെയും ചര്‍ച്ചകള്‍ നടത്തി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച കൂടിക്കാഴ്ചകള്‍ ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. തുടര്‍ന്ന് കൂടിയാലോചനകള്‍ക്കായി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തി. വ്യാഴാഴ്ച വൈകുന്നേരം ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷം അവസാനിക്കുകയും ചെയ്തു.
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചതിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളുടെ ദിവസം അവസാനിച്ചതായി ഒമാന്‍ വിദേശ മന്ത്രി ബദര്‍ അല്‍ബൂസഈദി എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വ്യക്തമാക്കി. തെഹ്‌റാനിലെയും വാഷിംഗ്ടണിലെയും കൂടിയാലോചനകള്‍ക്ക് ശേഷം ഉടന്‍ തന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനീവയില്‍ അമേരിക്കയുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ ഏറ്റവും ഗൗരവമേറിയതും ദൈര്‍ഘ്യമേറിയതായിരുന്നുവെന്ന് ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു. ഒമാന്‍ മധ്യസ്ഥനായ ബദര്‍ അല്‍ബൂസഈദി വഴി പരോക്ഷമായി ചര്‍ച്ചകള്‍ നടന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ചില സാങ്കേതിക വശങ്ങളില്‍ പങ്കെടുത്തു. തീവ്രമായ ചര്‍ച്ചകള്‍ക്കിടയില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. ആണവ പ്രശ്‌നത്തെ കുറിച്ചും ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും ഇരുപക്ഷവും ഒരു കരാറിന്റെ ഘടകങ്ങളിലും വാക്കുകളിലും ഗൗരവമായി ഏര്‍പ്പെട്ടു. ചില വിഷയങ്ങളില്‍ ഒരു ധാരണയിലെത്തിയിട്ടുണ്ട്. മറ്റുള്ളവയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചര്‍ച്ചയിലൂടെയുള്ള പരിഹാരം തേടുന്നതില്‍ ഇരുപക്ഷത്തിന്റെയും ഗൗരവത്തിന്റെ നിലവാരം മുമ്പത്തേക്കാള്‍ വ്യക്തമാണെന്നും ഇറാന്‍ വിദേശ മന്ത്രി ചൂണ്ടിക്കാട്ടി.
ചില വിഷയങ്ങളില്‍ സാങ്കേതിക ചട്ടക്കൂടില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ, തിങ്കളാഴ്ച വിയന്നയിലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആസ്ഥാനത്ത് സാങ്കേതിക സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. അടുത്തയാഴ്ച നടക്കുന്ന നാലാം റൗണ്ട് ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിനായി തെഹ്‌റാനിലും വാഷിംഗ്ടണിലും കൂടിയാലോചനകള്‍ നടക്കും. ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, അവ ലഘൂകരിക്കാനുള്ള സംവിധാനം എന്നിവ സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ ഇറാന്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നും അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. അമേരിക്കന്‍, ഇറാന്‍ സംഘങ്ങള്‍ സൃഷ്ടിപരവും പോസിറ്റീവുമായ ആശയങ്ങള്‍ കൈമാറിയതായി അല്‍ബൂസഈദി പറഞ്ഞു.



