ജിദ്ദ – കഴിഞ്ഞ സീസണിലെ പ്രകടന വിലയിരുത്തലുകളെ തുടര്‍ന്ന് ഹജ്, ഉംറ മന്ത്രാലയം 21 ഉംറ സര്‍വീസ് കമ്പനികളെ സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി വിലക്കി. ഇക്കൂട്ടത്തില്‍ ഏതാനും കമ്പനികളുടെ സർവീസ് മോശമാണെന്ന് വിലയിരുത്തലുകള്‍ വെളിപ്പെടുത്തുകയും ഉംറ സേവനങ്ങളെ നിയന്ത്രിക്കുന്ന നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അംഗീകൃത പ്രകടന സൂചകങ്ങള്‍ക്കനുസൃതമായി, പ്രകടന നിലവാരം മോശമായത് കാരണമാണ് 15 കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തിയത്. ഉംറ സേവനങ്ങളെ നിയന്ത്രിക്കുന്ന നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ബാക്കിയുള്ള ആറ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും കമ്പനികള്‍ വ്യവസ്ഥകളും മാനദണ്ഡങ്ങളും എത്രത്തോളം പാലിക്കുന്നു എന്നതും അളക്കുന്ന പ്രവര്‍ത്തനപരവും മേല്‍നോട്ടപരവുമായ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അംഗീകൃത മൂല്യനിര്‍ണ്ണയ സംവിധാനം. ഇത് സേവന ദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വര്‍ധിപ്പിക്കുകയും പ്രകടന നിലവാരം ഉയര്‍ത്തുകയും ഉംറ തീര്‍ഥാടകര്‍ക്കും മസ്ജിദുന്നബവി സന്ദര്‍ശകര്‍ക്കും സവിശേഷവും സുരക്ഷിതവുമായ അനുഭവം നല്‍കുന്നതിലൂടെ രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നിയമ, നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതുമായി മന്ത്രാലയം മുന്നോട്ടുപോകും. സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതോ തീര്‍ഥാടകരുടെ അവകാശങ്ങള്‍ കുറക്കുന്നതോ ആയ ഒരു വീഴ്ചകളും അനുവദിക്കില്ല. ഉംറ സര്‍വീസ് കമ്പനികളുടെ തുടര്‍ച്ചയായ വിലയിരുത്തല്‍ ഉംറ സേവന മേഖല വികസിപ്പിക്കാനും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനുമുള്ള പ്രധാന ഉപകരണങ്ങളിലൊന്നാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.



