കുവൈത്ത് സിറ്റി – സര്‍ക്കാര്‍ റെവന്യു സ്റ്റാമ്പുകള്‍ വ്യാജമായി നിര്‍മ്മിച്ച് പ്രവാസികള്‍ക്കും കമ്പനികള്‍ക്കും നിയമവിരുദ്ധമായി വില്‍ക്കുന്നതില്‍ ഏര്‍പ്പെട്ട അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രമായ നിരീക്ഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. സംഘം ആശുപത്രികള്‍ക്കകത്തും പുറത്തും വ്യാജ സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ പ്രോത്സാഹിപ്പിക്കുകയും നിയമവിരുദ്ധ സാമ്പത്തിക നേട്ടങ്ങള്‍ക്കായി 5 കുവൈത്തി ദീനാര്‍, 10 കുവൈത്തി ദീനാര്‍ സ്റ്റാമ്പുകള്‍ ഔദ്യോഗിക മൂല്യത്തേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുകയും ചെയ്യുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
വ്യാജ സ്റ്റാമ്പ് നിര്‍മ്മാണ പ്രക്രിയക്ക് ഉപയോഗിക്കുന്ന ലാപ്ടോപ്പ് കമ്പ്യൂട്ടര്‍, പ്രിന്റര്‍, പ്രത്യേക സ്റ്റാമ്പ് പേപ്പര്‍ റോളുകള്‍ എന്നിവ റെയ്ഡിനിടെ കണ്ടെത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അന്വേഷണങ്ങളില്‍ പ്രതികള്‍ ഒരു ആശുപത്രിയില്‍ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പര്‍ റോളുകള്‍ മോഷ്ടിക്കുകയും വ്യാജ സ്റ്റാമ്പുകള്‍ നിര്‍മ്മിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. തൊണ്ടിവസ്തുക്കള്‍ സഹിതം പ്രതികളെ കൂടുതല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



