ന്യൂയോര്‍ക്ക് – വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും അവ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്നും രാഷ്ട്രീയ, സമാധാന നിര്‍മ്മാണ കാര്യങ്ങള്‍ക്കുള്ള യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ലോ വ്യക്തമാക്കി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏകപക്ഷീയമായ ഇസ്രായിലി നടപടികള്‍ പിന്‍വലിക്കണമെന്ന്, മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത് അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ സമാധാനത്തിനുള്ള സമഗ്ര പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കണം. ഹമാസിന്റെ നിരായുധീകരണം, ഗാസയില്‍ മാനുഷിക സഹായം വര്‍ധിപ്പിക്കല്‍, ഗാസ ഭരണത്തിനുള്ള ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ എന്നിവയുള്‍പ്പെടെ ഗാസയിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാനും വെസ്റ്റ് ബാങ്കിലെ അപകടകരമായ പാത മാറ്റാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഇവർ കൂട്ടിചേർത്തു.
വെസ്റ്റ് ബാങ്കിലെ തുടര്‍ച്ചയായ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍, ഫലസ്തീനികളുടെ വീടുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും പൊളിച്ചുമാറ്റലുകള്‍, ഫലസ്തീനികളുടെ അറസ്റ്റുകള്‍ എന്നിവ വെസ്റ്റ് ബാങ്കിനെ ക്രമേണ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള യഥാര്‍ഥ നടപടികളാണ്. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ റോസ്‌മേരി ഡികാര്‍ലോ, അന്താരാഷ്ട്ര നിയമത്തിനും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിലേക്കും ശാശ്വത സമാധാനത്തിലേക്കും നയിക്കുന്ന രാഷ്ട്രീയ ചക്രവാളം പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ എ, ബി, സി മേഖലകളില്‍ ഇസ്രായില്‍ സ്വീകരിച്ച പുതിയ നടപടികള്‍ നിലവിലെ സ്ഥിതിയെ അടിസ്ഥാനപരമായി മാറ്റാനും, ജൂതകുടിയേറ്റ കോളനികള്‍ വികസിപ്പിക്കുകയും ഫലസ്തീനികളെ പുറത്താക്കുകയും ചെയ്യുന്നതുള്‍പ്പെടെ സമ്പൂര്‍ണ്ണ അധികാരം സ്വയം നല്‍കാനുമുള്ള നഗ്‌നമായ ശ്രമമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ ചൂണ്ടികാട്ടി. ഈ നടപടികള്‍ ഹെബ്രോണ്‍ പ്രോട്ടോക്കോളും മെമ്മോറാണ്ടവും ഉള്‍പ്പെടെ 1995 ലെ രണ്ടാമത് ഓസ്ലോ കരാറിന്റെ വ്യക്തമായ ലംഘനമാകുമെന്ന് യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വിശദീകരിച്ചു.
ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും സമാധാനം ഇപ്പോഴും ഇല്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ സ്ഥിരം നിരീക്ഷകന്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. ഫലസ്തീനികളെ കുടിയിറക്കാനും, കുടിയേറ്റകോളനി നിര്‍മ്മാണം, ഭൂമി കണ്ടുകെട്ടല്‍, വീടുകള്‍ പൊളിച്ചുമാറ്റല്‍ എന്നിവയിലൂടെ അവരുടെ ഭൂമി പിടിച്ചെടുക്കാനും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ഇസ്രായില്‍ പിന്തുടരുന്നു. ഈ രീതികള്‍ വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തെ സേവിക്കുന്നു. ഫലസ്തീന്‍ അവിടുത്തെ ജനതയുടേതാണെന്നും അത് വിലപേശലിനോ വില്‍പ്പനക്കോ വിധേയമല്ലെന്നും റിയാദ് മന്‍സൂര്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ അചഞ്ചലമായ പിന്തുണ ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ ഭൂമി, സര്‍ക്കാര്‍ ഭൂമി ആയി മാറ്റാനുള്ള ഇസ്രായില്‍ അധികൃതരുടെ തീരുമാനം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്. ഇത് സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായിലിന് പരമാധികാരമില്ല. യു.എന്‍ രക്ഷാ സമിതി 2334 -ാം നമ്പര്‍ പ്രമേയം ഉള്‍പ്പെടെ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍, 1967 ജൂണ്‍ 4 ലെ അതിര്‍ത്തിക്കുള്ളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീന്‍ ജനതക്ക് അവകാശമുണ്ടെന്നും അല്‍വാസില്‍ വിശദീകരിച്ചു.
ഗാസയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ മാനുഷിക സംഘടനകളെ പ്രാപ്തമാക്കണം. മാനുഷിക സഹായങ്ങളുടെ തടസ്സങ്ങമില്ലാത്ത പ്രവേശനം ഉറപ്പാക്കണം. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിക്കുന്നു. വെസ്റ്റ് ബാങ്കിന്റെയും ഗാസ മുനമ്പിന്റെയും ഐക്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഫലസ്തീന്‍ പ്രദേശങ്ങളെ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നതായും ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. ഈ മാസത്തെ രക്ഷാ സമിതി പ്രസിഡന്റ് എന്ന നിലയില്‍ യു.കെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.



