ന്യൂയോര്‍ക്ക് സിറ്റി – 1948 ല്‍ സംഭവിച്ചതുപോലെ ഫലസ്തീനില്‍ മറ്റൊരു നക്ബയും (വംശീയ ഉന്മൂലന ദുരന്തം) കൂട്ടക്കൊലയും അനുവദിക്കരുതെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. അധിനിവേശ സേനയുടെ സംരക്ഷണയിലുള്ള ഭീകരവാദ സംഘങ്ങളെ ഫലസ്തീനികള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ അവരുടെ വീടുകള്‍ കത്തിക്കാന്‍ അനുവദിക്കരുത്. നമ്മുടെ കുട്ടികളെ ഭയത്തിലും ഭീഷണിയിലും ജീവിക്കാന്‍ അനുവദിക്കരുത്.
കിഴക്കന്‍ ജറൂസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും സംഭവിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. മറിച്ച് ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് ബലമായി പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമാണ്. സംഘര്‍ഷം കൈകാര്യം ചെയ്യാനുള്ള ഒരു പുതിയ പ്രക്രിയയല്ല, മറിച്ച് അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീനികളുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും, ഇസ്രായേലികള്‍ക്കും മേഖലയിലെ രാജ്യങ്ങള്‍ക്കും സുരക്ഷയും സമാധാനവും ഉറപ്പാക്കുകയും ചെയ്യുന്ന ഒരു പാതയാണ് താന്‍ ആഗ്രഹിക്കുന്നത്.
ഇസ്രായേല്‍ നയങ്ങള്‍, ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാനും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുമുള്ള സാധ്യതകളെ മാത്രമല്ല, മറിച്ച് സ്വന്തം ഭൂമിയിലെ ഫലസ്തീന്‍ ജനതയുടെ ജീവനും നിലനില്‍പ്പിനും ഭീഷണിയാകുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. ഫലസ്തീനികള്‍ക്കെതിരായ മറ്റൊരു നക്ബയും കൂട്ടക്കൊലയും ഉണ്ടാകുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികളുടെ കുടിയിറക്കം തടയാനും സിവിലിയന്മാരെ സംരക്ഷിക്കാനും ലോക നേതാക്കള്‍ നടപടിയെടുക്കണം. ഫലസ്തീന്‍ ജനത അവരുടെ ഭൂമി വിട്ടുപോകില്ല. മറ്റുള്ളവര്‍ അവരുടെ ഭാവി തീരുമാനിക്കുന്നത് അംഗീകരിക്കില്ല.
ഇസ്രായേല്‍ അധിനിവേശ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി തീരുമാനിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല. മറ്റൊരു ജനതയെ അധിനിവേശത്തിലാക്കിയും അവരുടെ അവകാശങ്ങള്‍ നിഷേധിച്ചും ശാശ്വത സുരക്ഷ സാധ്യമല്ല.
ഫലസ്തീനികളെ കുടിയറക്കത്തില്‍ നിന്ന് സംരക്ഷിക്കുക, ഫലസ്തീന്‍ അഖണ്ഡത സംരക്ഷിക്കുക, സ്ഥാപനങ്ങള്‍ ജനാധിപത്യപരമായി പരിഷ്‌കരിക്കുക, യു.എന്‍ പ്രമേയം 194 അനുസരിച്ച് അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുക, കിഴക്കന്‍ ജറൂസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഫലസ്തീന്‍ ദേശീയ പദ്ധതി. ഫലസ്തീന്‍ ജനത അവരുടെ മാതൃരാജ്യം വിട്ടുപോകില്ല. കുടിയിറക്കം അംഗീകരിക്കുകയുമില്ല. തങ്ങള്‍ക്ക് പകരം തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ഒരു കക്ഷിയെയും ഫലസ്തീനികള്‍ സമ്മതിക്കില്ല.
ഫലസ്തീനികളുടെ സ്വാതന്ത്ര്യവും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷയും സമാധാനവും ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ള സമാധാനത്തോട് ഫലസ്തീന്‍ ജനത പ്രതിജ്ഞാബദ്ധമാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ഒത്തുതീര്‍പ്പിന്റെ ചട്ടക്കൂടിനുള്ളില്‍, ഇസ്രായേല്‍ രാഷ്ട്രത്തിനൊപ്പം നിലനില്‍ക്കുന്ന, നിരായുധമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുന്നതായി മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി. അടുത്ത നവംബറില്‍ ഫലസ്തീനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും.
യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ ഫലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. വ്യക്തമായ സമയപരിധിയോ രാഷ്ട്രീയ ചക്രവാളമോ ഇല്ലാതെ പരിവര്‍ത്തന ഘട്ടം സ്ഥിരമായ ഒരു സാഹചര്യമായി മാറുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു രാഷ്ട്രം, ഒരു ഗവണ്‍മെന്റ്, ഒരു നിയമം, ഒരു നിയമാനുസൃത സായുധ സേന എന്ന തത്വമനുസരിച്ച്, ഗാസ മുനമ്പും കിഴക്കന്‍ ജറൂസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കും ഫലസ്തീന്‍ ഭരണകൂടത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും അധികാരത്തിന് കീഴില്‍ പുനഃസംയോജിപ്പിക്കുന്നതോടെ പരിവര്‍ത്തന ഘട്ടം അവസാനിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്കും ഫലസ്തീന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്കും വിസ നിഷേധിച്ച അമേരിക്കയുടെ തീരുമാനത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപലപിച്ചു. അമേരിക്കയുടെ ഈ നീക്കം ഫലസ്തീനികള്‍ക്കെതിരായ ശിക്ഷാ നടപടികളാണ്. യു.എന്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഫലസ്തീന്‍ പ്രതിനിധി സംഘത്തെ തടഞ്ഞ നടപടികള്‍ തങ്ങള്‍ തള്ളിക്കളയുന്നതായി ജനറല്‍ അസംബ്ലിയെ വീഡിയോയില്‍ അഭിസംബോധന ചെയ്തുകൊണ്ട് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലി ഉന്നതതല വാരത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ പ്രവേശിക്കാന്‍ ഫലസ്തീന്‍ പ്രസിഡന്റിനും ഫലസ്തീന്‍ പ്രതിനിധി സംഘത്തിലെ ഏതാനും അംഗങ്ങള്‍ക്കും വിസ നല്‍കാന്‍ അമേരിക്ക വിസമ്മതിച്ചിരുന്നു. വിസ നിഷേധിച്ച ഫലസ്തീന്‍ ഉദ്യോഗസ്ഥരില്‍ അബ്ബാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചു. അതേസമയം ഇറാന്‍ നേതാക്കള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ യു.എസ് ഭരണകൂടം അനുമതി നല്‍കി.







