ജെറുസലേം: ആവശ്യമായി വന്നാൽ ഇറാനെതിരെ വീണ്ടുമൊരു സൈനിക നീക്കത്തിന് രാജ്യം പൂർണ്ണ സജ്ജമാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി ഇസ്രായിൽ കാറ്റ്സ് വ്യക്തമാക്കി. മുൻപത്തേക്കാൾ ശക്തമായ പ്രഹരത്തോടെയായിരിക്കും ഇസ്രായിലിന്റെ തിരിച്ചടിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏപ്രിലിലെ വെടിനിർത്തലിനും ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച സമാധാനക്കരാറിനും ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലാണ് ഇസ്രായിലിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത പ്രതികരണം ഉണ്ടായിരിക്കുന്നത്.
സൈനിക ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഇസ്രായിൽ കാറ്റ്സിന്റെ പ്രതികരണം. ഇറാനിൽ വ്യോമാധിപത്യം വീണ്ടെടുക്കുന്നതിനും ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി സൈന്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ മൂന്നാമതൊരു തവണയും ഇറാനെ ആക്രമിക്കാൻ സൈന്യം മടിക്കില്ലെന്നും, തങ്ങൾക്ക് യുദ്ധത്തിലേക്ക് മടങ്ങേണ്ടി വന്നാൽ അത് മുൻപത്തേക്കാൾ ശക്തമായ പ്രഹരത്തോടെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായിൽ നടത്തിയ കഴിഞ്ഞ രണ്ട് സൈനിക നീക്കങ്ങളും ഇറാന്റെ ശക്തി വൻതോതിൽ ക്ഷയിപ്പിച്ചതായി ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. എങ്കിലും ഇറാനുമായുള്ള പ്രതിസന്ധികൾ പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിച്ചു. ഇറാൻ സഖ്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണെന്നും എന്നാൽ ഇസ്രായിൽ മുൻപത്തേക്കാൾ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. യെമൻ മുതൽ ഇറാൻ വരെ എവിടെയും ആക്രമണം നടത്താൻ ഇസ്രായിൽ വ്യോമസേനയ്ക്ക് സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചുകഴിഞ്ഞു, എങ്കിലും ഈ പോരാട്ടം ഇവിടെക്കൊണ്ടൊന്നും അവസാനിച്ചിട്ടില്ലെന്ന് നമ്മൾ തിരിച്ചറിയണമെന്നും നെതന്യാഹു ഓർമ്മിപ്പിച്ചു.
അമേരിക്കയും ഇസ്രായിലും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തോടെ 2026 ഫെബ്രുവരി 28-നാണ് നിലവിലെ യുദ്ധത്തിന് തുടക്കമായത്. ആ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുൻപ് 2025 ജൂണിൽ ഇറാനും ഇസ്രായിലും തമ്മിൽ 12 ദിവസം നീണ്ടുനിന്ന മറ്റൊരു ശക്തമായ യുദ്ധവും നടന്നിരുന്നു. ഇസ്രായിൽ ഇറാനെതിരെ നടത്തുന്ന രണ്ടാമത്തെ വലിയ സൈനിക നീക്കമായിരുന്നു ഫെബ്രുവരിയിലേത്. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖല വീണ്ടും അതീവ ജാഗ്രതയിലാണ്.
