തെൽ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ബ്രിട്ടൻ ശക്തമായ ഉപരോധ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വ്യാപാരം നിരോധിച്ച ബ്രിട്ടൻ, ഇവയുടെ വികസനത്തിന് സഹായിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടിയും പ്രഖ്യാപിച്ചു.
വെസ്റ്റ് ബാങ്കിൽ തീവ്രവാദ കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ വംശീയ ഉന്മൂലനം നടത്തുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന നിലപാടിൽ ബ്രിട്ടൻ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനീതിയെയും ഫലസ്തീനികളുടെ കഷ്ടപ്പാടുകളെയും വെറുതെ അപലപിക്കാൻ ഇനി സാധിക്കില്ലെന്ന് വ്യക്തമാക്കിയ മിലിബാൻഡ്, ഏതാനും തീവ്രവാദ കുടിയേറ്റക്കാർക്കെതിരെ ഉടനടി ഉപരോധം പ്രഖ്യാപിച്ചു. പുതിയ വ്യാപാര നിരോധന നിയമനിർമ്മാണം 6 മുതൽ 9 മാസത്തിനകം പ്രാബല്യത്തിൽ വരും.
ബ്രിട്ടന്റെ നടപടികളിൽ ശക്തമായി പ്രതിഷേധിച്ച ഇസ്രായേൽ, കിഴക്കൻ ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്ന് വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വിശേഷിപ്പിച്ചു. റാമല്ലയിൽ ഫലസ്തീൻ സുരക്ഷാ സേനയ്ക്ക് നൽകിവരുന്ന പരിശീലനത്തിൽ നിന്ന് ബ്രിട്ടീഷ് സംഘത്തെ ഒഴിവാക്കുമെന്നും മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ഉൾപ്പെടെയുള്ള ചില ബ്രിട്ടീഷ് നേതാക്കൾക്കും പൗരന്മാർക്കും ഇസ്രായേലിൽ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും ഇസ്രായേൽ അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനങ്ങളെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിലക്കാനുള്ള തീരുമാനത്തെ ‘ദ്വിരാഷ്ട്ര പരിഹാരം’ സംരക്ഷിക്കാനുള്ള വഴിത്തിരിവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ വിശേഷിപ്പിച്ചു. ഡെൻമാർക്ക്, നോർവേ, പോളണ്ട്, സ്പെയിൻ, സ്വീഡൻ ഉൾപ്പെടെയുള്ള മറ്റ് ഒമ്പത് രാജ്യങ്ങളും ഈ നിലപാടിനെ പിന്തുണച്ചു. വരാനിരിക്കുന്ന യു.എൻ പൊതുസഭയിൽ ഈ ശ്രമങ്ങൾ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, മൂന്ന് രാജ്യങ്ങളുടെ ഈ വ്യാപാര നിരോധന പാത അമേരിക്ക പിന്തുടരില്ലെന്നും ഉപരോധങ്ങൾ വെസ്റ്റ് ബാങ്കിനെ അസ്ഥിരപ്പെടുത്തുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ നിർമ്മിക്കുന്ന 1,000 പുതിയ ഭവന യൂണിറ്റുകൾക്കെതിരായ പ്രതിഷേധമായാണ് ഈ നടപടികൾ. പ്രത്യേകിച്ചും, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ ഇല്ലാതാക്കുന്ന ‘ഇ-1’ കുടിയേറ്റ പദ്ധതി ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ, ബ്രിട്ടന്റെ പുതിയ നടപടികൾ തീവ്രവാദത്തെ ശക്തിപ്പെടുത്തുമെന്നും ഇത് ബ്രിട്ടീഷ് ജൂതന്മാർക്ക് ‘ഇരുണ്ട ദിനമാണെന്നും’ ബ്രിട്ടനിലെ ചീഫ് റബ്ബി സർ എഫ്രേം മിർവിസ് വിമർശിച്ചു.







