മനാമ – ഇറാനുമായുള്ള ഇടക്കാല കരാർ അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനിലെമ്പാടും അമേരിക്ക ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹർ വിമാനത്താവളത്തിലുണ്ടായ യു.എസ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് തങ്ങൾ ഇറാൻ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയതിനേക്കാൾ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് യു.എസ്. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കഴിഞ്ഞ രാത്രി ഇറാൻ തീരദേശങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. കിഷ് ദ്വീപിനു മുകളിലൂടെ യുദ്ധവിമാനങ്ങൾ പറക്കുന്ന ശബ്ദം കേട്ടു. ബന്ദർ അബ്ബാസ് നഗരത്തിൽ എട്ട് സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെത്തുടർന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടു. കൂടാതെ കൊണാറക്, ചബഹാർ എന്നീ തീരദേശ നഗരങ്ങളെയും സ്ഫോടനങ്ങൾ പിടിച്ചുകുലുക്കി. സിരിക് മേഖല, ബൂഷെഹർ നഗരം, ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിനടുത്തുള്ള അബൂമൂസ ദ്വീപ് എന്നിവിടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
ഇറാൻഷഹറിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമിട്ടും യു.എസ്. ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ചബഹാർ തുറമുഖത്തെ സമുദ്ര ഗതാഗത നിയന്ത്രണ ടവറും ഒരു വെയർഹൗസും ആക്രമിക്കപ്പെട്ടു. സിരിക് തുറമുഖത്തും ജാസ്ക് തുറമുഖത്തും പ്രൊജക്ടൈലുകൾ പതിച്ചു പൊട്ടിത്തെറിച്ചു. കൂടാതെ ഇറാനിലെ രണ്ട് സുപ്രധാന റെയിൽവേ പാലങ്ങൾക്ക് നേരെ യു.എസ്. ബോംബാക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വടക്കുകിഴക്കൻ ഇറാനിലെ ഗോലെസ്ഥാൻ പ്രവിശ്യയിലെ റെയിൽവേ പാലം ആക്രമണത്തിൽ പൂർണ്ണമായും തകർന്നു.
രാജ്യത്തെ പാലങ്ങൾക്ക് നേരെയുണ്ടായ ഈ ആക്രമണങ്ങൾക്ക് ശക്തമായി പ്രതികാരം ചെയ്യുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രസ്താവിച്ചു. അതേസമയം, തെക്കൻ നഗമായ ചബഹാറിന് സമീപം ശത്രുക്കളുടെ ലക്ഷ്യങ്ങൾ തങ്ങൾ പ്രതിരോധിച്ചതായി ഇറാന്റെ വ്യോമ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. യു.എസ്. ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യൻ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
