തെഹ്റാൻ: തങ്ങളുമായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ അമേരിക്ക തുടർച്ചയായി ലംഘിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞ ദിവസം ഇറാന്റെ ദക്ഷിണ തുറമുഖ നഗരങ്ങൾക്ക് നേരെയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സൈനിക സംഘർഷം ശക്തമായിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയും അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഇ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എന്ത് നടപടിയും ഇറാൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി അമേരിക്കൻ സൈനിക താവളത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സും വ്യക്തമാക്കി. മൂന്ന് മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ പുതിയ സംഘർഷം.
അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ സർവീസ് നടത്തുകയായിരുന്ന യുഎസിന്റെ ‘MQ-1’ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതിനുള്ള മറുപടിയായി ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, മേഖലയിലെ കപ്പലുകൾക്ക് ഭീഷണിയുയർത്തിയ രണ്ട് ആക്രമണ ഡ്രോണുകൾ എന്നിവ തങ്ങളുടെ യുദ്ധവിമാനങ്ങൾ തകർത്തതായും സെൻട്രൽ കമാൻഡ് അറിയിച്ചു. ഗൊരുക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം







