റിയാദ്: സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും തിരിച്ചടികൾ ഏകോപിപ്പിക്കുന്നതിനുമായി റിയാദിൽ സൗദി, പാകിസ്ഥാൻ, തുർക്കി സൈനിക മേധാവികളുടെ ഉന്നതതല യോഗം ചേർന്നു. യെമൻ ഭൂപ്രദേശത്തേക്ക് സൈന്യത്തെ അയക്കില്ലെന്നും, സൗദി അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ശക്തമായ സൈനിക പ്രതികരണം നൽകുമെന്നും മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ ധാരണയിലെത്തിയതായി പാകിസ്ഥാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം മക്കയിൽ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന കരാർ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങൾ.
അതിനിടെ, ഖമീസ് മുശൈത്ത്, അബഹ, ജിസാൻ, നജ്റാൻ എന്നീ സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച ദക്ഷിണ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 സാധാരണക്കാർക്ക് പരിക്കേറ്റതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
സ്വയം പ്രതിരോധത്തിനുള്ള അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറിന്റെ 51-ാം വകുപ്പും അനുസരിച്ച്, പൗരന്മാരുടെയും ദേശീയ ആസ്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൂത്തി ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന വ്യക്തമാക്കി.







