വാഷിംഗ്ടണ്‍ – ആണവ പ്രശ്‌നത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ ഇന്ന് ജനീവയില്‍ ആരംഭിക്കാനിരിക്കുകയാണെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും സൈനിക ഓപ്ഷന്‍ പരിഗണിക്കുന്നുണ്ട്. അമേരിക്ക ആക്രമണത്തില്‍ ചേരുന്നതിന് മുമ്പായി ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്നാണ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാക്കള്‍ ആഗ്രഹിക്കുന്നതെന്ന് അഭിജ്ഞ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇസ്രായിലിന്റെ ഏതൊരു ആക്രമണവും ഇറാനെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കും. ഇത് ഇറാനെതിരായ യു.എസ് പ്രത്യാക്രമണത്തിന് അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്നാണ് യു.എസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്കയോ മേഖലയിലെ അതിന്റെ സഖ്യകക്ഷികളില്‍ പെട്ട ഏതെങ്കിലും രാജ്യമോ ആക്രമിക്കപ്പെട്ടാല്‍ കൂടുതല്‍ അമേരിക്കക്കാര്‍ ഇറാനെതിരെയുള്ള യുദ്ധത്തെ അംഗീകരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ഇസ്രായില്‍ ആദ്യം ഒറ്റക്ക് ആക്രമിക്കുകയും ഇതിന് ഇറാന്‍ യു.എസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ തിരിച്ചടിക്കുകയും ചെയ്താല്‍ രാഷ്ട്രീയ സാഹചര്യം വളരെ മികച്ചതായിരിക്കുമെന്നും ഇത് അമേരിക്കക്ക് സൈനിക നടപടിക്ക് ശക്തമായ ന്യായീകരണം നല്‍കുമെന്നുമുള്ള ചിന്താഗതി യു.എസ് ഭരണകൂടത്തിനകത്ത് നിലനില്‍ക്കുന്നുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇസ്രായില്‍ ആദ്യം ആക്രമിക്കണമെന്ന അമേരിക്കന്‍ ആഗ്രഹത്തിന് വിരുദ്ധമായി, ഏറ്റവും സാധ്യത സംയുക്ത യു.എസ്-ഇസ്രായില്‍ ഓപ്പറേഷനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറാന്റെ ആണവ പദ്ധതി, അതിന്റെ ബാലിസ്റ്റിക് മിസൈല്‍ പശ്ചാത്തല സൗകര്യങ്ങള്‍, മേഖലയിലെ മിലീഷ്യകള്‍ക്കുള്ള ഇറാന്‍ പിന്തുണ എന്നിവയെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കാന്‍ യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇരു കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ആണവ കരാറില്‍ എത്തിച്ചേരാനുള്ള ശ്രമത്തില്‍, ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും ഉള്‍പ്പെടുന്ന അമേരിക്കന്‍ ചര്‍ച്ചാ സംഘം, ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘവുമായി ഇന്ന് ജനീവയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തും.



