തെഹ്‌റാന്‍ – അമേരിക്കയുമായി സംഘര്‍ഷം കുറക്കാനോ വെടിനിര്‍ത്തല്‍ നടപ്പാക്കാനോ രണ്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഇറാനു മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ തള്ളിക്കളഞ്ഞതായി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധം നിര്‍ത്തണമെങ്കില്‍ ഇസ്രായിലും അമേരിക്കയും പരാജയം സമ്മതിക്കണമെന്ന ഉപാധി ഖാംനഇ മുന്നോട്ടുവെച്ചു. പരമോന്നത നേതാവായി അധികാരമേറ്റതിനുശേഷം വിദേശനയത്തെ കുറിച്ച് വിശദീകരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍, അമേരിക്കക്കും ഇസ്രായിലിനുമെതിരായ പ്രതികാര നടപടികളെ കുറിച്ചുള്ള ഖാംനഇയുടെ നിലപാട് വളരെ ഉറച്ചതും ഗൗരവമുള്ളതുമായിരുന്നു എന്ന് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പുതിയ പരമോന്നത നേതാവ് യോഗത്തില്‍ നേരിട്ട് പങ്കെടുത്തോ എന്ന കാര്യം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയില്ല.
പിരിമുറുക്കം കുറക്കാനും അമേരിക്കയുമായി വെടിനിര്‍ത്തല്‍ നടപ്പാക്കാനുമുള്ള നിര്‍ദേശങ്ങള്‍ രണ്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഇറാന്‍ വിദേശ മന്ത്രാലയത്തിന് കൈമാറി. ആ നിര്‍ദേശങ്ങളുടെ ഉള്ളടക്കത്തെ കുറിച്ചോ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളുടെ ഐഡന്റിറ്റികളെ കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയില്ല. അമേരിക്കയും ഇസ്രായിലും കീഴടങ്ങാനും പരാജയം അംഗീകരിക്കാനും നഷ്ടപരിഹാരം നല്‍കാനും നിര്‍ബന്ധിതരാകുന്നതുവരെ സമാധാനത്തിനുള്ള സമയം ഉചിതമായിരിക്കില്ല എന്ന് ഖാംനഇ പ്രതികരിച്ചതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യകാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഇറാന്‍ പരമോന്നത നേതാവിന് ആത്യന്തിക അധികാരമുണ്ട്. ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പിതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി ഒരു ആഴ്ച മുമ്പ് പുരോഹിതരുടെ കൗണ്‍സില്‍ മുജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തശേഷം അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകളൊന്നും പുറത്തുവിട്ടിട്ടില്ല.
അലി ഖാംനഇ കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന് നിസാര പരിക്കേറ്റതായി ചില ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, മുജ്തബക്ക് ഗുരുതരമായി പരിക്കേറ്റതായി യു.എസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. ഇറാനില്‍ കുറഞ്ഞത് 2,000 പേരെങ്കിലും കൊല്ലപ്പെട്ടു. യുദ്ധം സമീപ ദിവസങ്ങളിലൊന്നും അവസാനിക്കാന്‍ ഒരു സാധ്യതയും തെളിഞ്ഞുവരുന്നില്ല. തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞുതന്നെ കിടക്കുകയാണ്. ജലപാത വീണ്ടും തുറക്കാന്‍ സഹായിക്കണമെന്നും ഇതിന് മേഖലയിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കണമെന്നുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന യു.എസ് സഖ്യകക്ഷികള്‍ നിരസിക്കുകയാണ്. ഇത് എണ്ണ, ഗ്യാസ് വില ഉയരാനും പണപ്പെരുപ്പത്തിന് കാരണമാകാനും സാധ്യതയുണ്ട്.
ഇറാന്റെ ശത്രുക്കളെ സമ്മര്‍ദത്തിലാക്കാനുള്ള ഒരു ഉപകരണമായി ഹുര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് പരമോന്നത നേതാവായി തെരഞ്ഞെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസംഗത്തില്‍ മുജ്തബ ഖാംനഇ പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നയതന്ത്ര പാത ആരംഭിക്കാനുള്ള മിഡില്‍ ഈസ്റ്റിലെ സഖ്യകക്ഷികളുടെ ശ്രമങ്ങളെ ട്രംപ് ഭരണകൂടം നിരസിച്ചതായി മൂന്ന് സ്രോതസ്സുകള്‍ മാര്‍ച്ച് 14 ന് റോയിട്ടേഴ്സിനോട് വ്യക്തമാക്കി.



