അന്റാലിയ– പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് ഇറാൻ. മേഖലയിൽ പൂർണ്ണമായ സമാധാനം പുനഃസ്ഥാപിക്കുന്ന സമഗ്രമായ കരാറാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്സാദെ വ്യക്തമാക്കി. തുർക്കിയിൽ നടക്കുന്ന അന്റാലിയ ഡിപ്ലോമസി ഫോറത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ സംഘർഷങ്ങൾ ഒരേസമയം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്. ലബനൻ മുതൽ ചെങ്കടൽ വരെയുള്ള എല്ലാ സംഘർഷ മേഖലകളെയും ഉൾക്കൊള്ളുന്നതാകണം സമാധാന കരാർ. ഇത് ഇറാന്റെ ‘റെഡ് ലൈൻ’ ആണെന്നും ഖത്തീബ്സാദെ പറഞ്ഞു. യുദ്ധത്തിന്റെ ചക്രങ്ങൾ എന്നെന്നേക്കുമായി ഇവിടെ അവസാനിക്കണമെന്നും താത്കാലികമായി നിർത്തിവെക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ചരിത്രപരമായി എല്ലാവർക്കുമായി തുറന്നുനൽകിയിട്ടുള്ളതാണെന്നും ഇറാൻ അത് തുടരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ച് പുതിയ ചില ക്രമീകരണങ്ങൾ കൊണ്ടുവന്നേക്കാം. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണക്കാർ അമേരിക്കയും ഇസ്രായിലുമാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്ക തങ്ങളുടെ കടുത്ത നിലപാടുകളിൽ നിന്ന് പിന്മാറിയാൽ ഹോർമുസ് കടലിടുക്ക് ആഗോള വ്യാപാരത്തിന് എന്നും സുരക്ഷിതമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായിലും ആരംഭിച്ച സൈനിക നീക്കത്തിന് ശേഷം മേഖലയിൽ കടുത്ത ആശങ്ക നിലനിൽക്കുകയാണ്. നിലവിൽ പാകിസ്ഥാൻ ഇടപെട്ട് കൊണ്ടുവന്ന 14 ദിവസത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഈ നിർണ്ണായക പ്രതികരണം
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്തു. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കഴിഞ്ഞ ബുധനാഴ്ച മുതൽ ടെഹ്‌റാനിൽ വിവിധ ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്. ഏപ്രിൽ 8-ന് നിലവിൽ വന്ന രണ്ടാഴ്ചത്തെ താല്കാലിക വെടിനിർത്തലിന് പിന്നാലെയാണ് സ്ഥിരമായ ഒരു പരിഹാരത്തിനായുള്ള ചർച്ചകൾ നടക്കുന്നത്.



