കുവൈത്ത് സിറ്റി/മനാമ– ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനു നേരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ പ്രത്യാക്രമണം. ബുധനാഴ്ച പുലർച്ചെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയത്. ബഹ്റൈനിലെ യു.എസ് ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റ് (ബന്ദർ സൽമാൻ), കുവൈത്തിലെ അലി അൽ സലേം എയർ ബേസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ സ്ഥിരീകരിച്ചു. കൂടാതെ, പ്രതിരോധിക്കാൻ ശ്രമിച്ച യു.എസിന്റെ അത്യാധുനിക ‘MQ-9’ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈത്തിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ടതായി കുവൈത്ത് സൈന്യം അറിയിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പുതിയ സംഭവവികാസങ്ങൾ. ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ എണ്ണവ്യാപാര ലൈസൻസ് യു.എസ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ താവളങ്ങൾക്ക് നേരെ യു.എസ് മിസൈലാക്രമണം നടത്തിയത്. ഇറാന്റെ തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ എന്നിവയുൾപ്പെടെ അറുപതിലധികം സൈനിക ലക്ഷ്യങ്ങൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ്, ഖെഷ്ം ദ്വീപ്, തുറമുഖ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്.
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ച സാഹചര്യത്തിൽ യു.എസ് നടത്തിയ ആക്രമണം തികച്ചും അനിവാര്യമായിരുന്നുവെന്ന് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ അങ്കാറയിൽ പ്രതികരിച്ചു. എന്നാൽ, യു.എസ് നടപടി നഗ്നമായ അധിനിവേശമാണെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി. യു.എസിന്റെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖേർ ഖാലിബാഫ് വ്യക്തമാക്കി. അതിനിടെ, സിരിക് തുറമുഖത്തുണ്ടായ ആക്രമണത്തിൽ ഏതാനും സാധാരണക്കാർക്ക് പരിക്കേറ്റതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



