റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഗായകനും മലയാളികളുടെ പ്രിയഗായികയായ ചിത്രയ്‌ക്കൊപ്പം മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായകനുമായ അഹമ്മദ് സുല്‍ത്താനെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ഇന്ത്യ-അറബ് ഇശല്‍ മല്‍ഹാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുത്തുന്ന ഗാനങ്ങള്‍ ആലപിച്ചതിനും ഇന്ത്യന്‍ ദേശീയതയും സൗഹൃദ സന്ദേശങ്ങളും സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചതിനുമുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം സമ്മാനിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ജിഎംഎഫ് ഫൗണ്ടര്‍ ചെയര്‍മാന്‍ റാഫി പാങ്ങോടിന്റെയും പ്രസിഡന്റ് ബഷീര്‍ അമ്പലയിയുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ജയചന്ദ്രന്‍ പുരസ്‌കാരം നല്‍കി. ഷാജി മഠത്തില്‍, അബ്ദുല്‍ അസീസ് പവിത്ര, എഴുത്തുകാരനായ സൗദി പൗരന്‍ മുബാറക് ഖലീഫ, ജയന്‍, ഹരികൃഷ്ണന്‍ കണ്ണൂര്‍, വഫ മാനേജിംഗ് ഡയറക്ടര്‍ നാസര്‍, വനിതാ കോഓര്‍ഡിനേറ്റര്‍ കമര്‍ ബാനു എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പുരസ്‌കാരം ഏറ്റുവാങ്ങിയ അഹമ്മദ് സുല്‍ത്താന്‍, ഇന്ത്യന്‍ സമൂഹത്തിന്റെ ആതിഥ്യമര്യാദയും സൗഹൃദ മനോഭാവവും ഏറെ വിലമതിക്കുന്നതാണെന്ന് പറഞ്ഞു.



