സന്‍ആ – ബാബ് അല്‍മന്ദബ് കടലിടുക്കിലെ കപ്പല്‍പ്പാതയുടെ മധ്യഭാഗത്തുള്ള ചെങ്കടല്‍ ദ്വീപ് യെമനിലെ ഹൂത്തികള്‍ വെള്ളിയാഴ്ച പിടിച്ചെടുത്തു. ഇതോടെ ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഹൂത്തികളുടെ നീക്കം പൂര്‍ത്തിയായതായി പ്രാദേശിക സര്‍ക്കാര്‍ വ്യക്തമാക്കി. യെമനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി ഹൂത്തികള്‍ ശക്തമായ മുന്നേറ്റം തുടരുകയാണ്. ബാബ് അല്‍മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികള്‍ പിടിച്ചടക്കുന്നത് സൗദി എണ്ണ കയറ്റുമതിയെയും ആഗോള വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും.
സര്‍ക്കാര്‍ സേന പിന്‍വാങ്ങിയതിനെ തുടര്‍ന്ന്, സായുധരായ ഹൂത്തി പോരാളികള്‍ കയറിയ ബോട്ടുകള്‍ മയൂന്‍ ദ്വീപിലെത്തിയതായി യെമന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാബ് അല്‍മന്ദബ് കടലിടുക്കിനെ വിവിധ പാതകളായി വിഭജിക്കുന്ന ഈ ദ്വീപ് പെരിം എന്നും അറിയപ്പെടുന്നു. ബാബ് അല്‍മന്ദബ് തീരത്ത് തോക്കുധാരികള്‍ നിലയുറപ്പിക്കുന്നതായും സൈനിക വാഹനങ്ങളില്‍ ചുറ്റിസഞ്ചരിക്കുന്നതായും ദൃക്സാക്ഷി പറഞ്ഞു.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ മോഖ നഗരത്തിലെ വിമാനത്താവളം ലക്ഷ്യമാക്കി സൗദി അറേബ്യ വെള്ളിയാഴ്ച രണ്ട് ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികളുടെ ടി.വി ചാനലായ അല്‍മസീറ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ സേനക്കെതിരെ കഴിഞ്ഞ ആഴ്ച വലിയ തോതിലുള്ള ആക്രമണം ആരംഭിച്ച ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വ്യാഴാഴ്ചയാണ് ചെങ്കടല്‍ തുറമുഖ നഗരമായ മോഖയുടെ നിയന്ത്രണം പിടിച്ചെടുത്തത്.
തെക്കന്‍ ചെങ്കടലില്‍ യെമന്‍ തീരത്ത് ബാബ് അല്‍മന്ദബ് കടലിടുക്കിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മയൂന്‍ ദ്വീപിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. ദ്വീപില്‍ ആയുധധാരികളുടെ എണ്ണം കുറവാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. കടലിടുക്കിനെ അഭിമുഖീകരിക്കുന്ന കുന്നുകളില്‍ സ്ഥാനങ്ങള്‍ സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. പെരിം ദ്വീപിന് എതിര്‍വശത്തുള്ള ബാബ് അല്‍മന്ദബ് കടലിടുക്കില്‍ നേരിട്ട് സ്ഥിതിചെയ്യുന്ന ദുബാബ് നഗരത്തില്‍ ഹൂത്തികള്‍ എത്തിയതായി രണ്ട് യെമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. ബാബ് അല്‍മന്ദബ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന് ദുബാബും പെരിമും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
വ്യാഴാഴ്ച ഹൂത്തികള്‍ പിടിച്ചെടുത്ത സുഖര്‍, വെള്ളിയാഴ്ച അവര്‍ പിടിച്ചെടുത്ത മയൂന്‍, ഗ്രേറ്റര്‍, ലെസ്സര്‍ ഹനീഷ് ദ്വീപുകള്‍ എന്നീ നാല് തന്ത്രപ്രധാന ദ്വീപുകളാണ് ബാബ് അല്‍മന്ദബ് മേഖലയിലുള്ളത്. ഇവ നാലും യെമന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. ഗ്രേറ്റര്‍, ലെസ്സര്‍ ഹനീഷ് ദ്വീപുകളിലെ രണ്ടായിരത്തിലധികം പേരടങ്ങുന്ന സര്‍ക്കാര്‍ സേനയെ ഹൂത്തികള്‍ ഉപരോധിച്ചിട്ടുണ്ടെന്നും അവരുടെ കീഴടങ്ങല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധിക്കപ്പെട്ട സേന യെമന്‍ അധികൃതരോട് രക്ഷാപ്രവര്‍ത്തനത്തിനായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും ഉപരോധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യോമസഹായം ആവശ്യമാണെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
ഹൂത്തികള്‍ മോഖ നഗരം പിടിച്ചെടുത്തത് സൗദി എണ്ണ കയറ്റുമതിക്കുള്ള നിര്‍ണായക ജലപാതയായ ബാബ് അല്‍മന്ദബ് കടലിടുക്കിലേക്കുള്ള മുന്നേറ്റം തുടരാന്‍ അവരെ പ്രാപ്തരാക്കി. ഫെബ്രുവരി 28 ന് അമേരിക്കയുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.
ഹൂത്തികളും സര്‍ക്കാര്‍ സേനയും തമ്മില്‍ ഒരാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടല്‍ 2022 ലെ വെടിനിര്‍ത്തല്‍ കരാറിനുശേഷമുള്ള ഏറ്റവും രൂക്ഷമായ പോരാട്ടമാണ്. ഇതിന്റെ ഫലമായി കുറഞ്ഞത് 500 പേരെങ്കിലും കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സംഘർഷം കാരണം 20,000 പേരെങ്കിലും പലായനം ചെയതു. ഹുദൈദക്ക് തെക്ക് മോഖയിലെയും അതിന്റെ പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് നിവാസികള്‍ സര്‍ക്കാരിന്റെ യഥാര്‍ഥ തലസ്ഥാനമായ ഏദനിലേക്ക് പലായനം ചെയ്തു.







