ഏദന്‍– തെക്കുകിഴക്കന്‍ യെമനിലെ ഷബ്വ ഗവര്‍ണറേറ്റിലുള്ള സൈനിക പരിശീലന ക്യാമ്പിന് നേരെ ഹൂത്തികൾ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 47 ട്രെയിനികള്‍ കൊല്ലപ്പെട്ടു. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് സുരക്ഷാ-പോലീസ് സേനകള്‍ക്ക് പരിശീലനം നല്കുന്ന കേന്ദ്രം ഹൂത്തികള്‍ ആക്രമിച്ചതെന്ന് യെമന്‍ സായുധ സേനാ വക്താവ് കേണല്‍ മാജിദ് അല്‍നുസൈലി അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുനഃസ്ഥാപിക്കാനായി നടത്തുന്ന ‘ഓപ്പറേഷന് ഡോണ്‍ ഓഫ് യെമന്‍’ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബാബ് അല്‍മന്ദബ് തിരിച്ചുപിടിച്ചതിനുശേഷവും മാരിബ്, തഇസ്, ലഹജ്, അല്‍ജൗഫ്, ഹുദൈദ എന്നിവിടങ്ങളില്‍ പോരാട്ടം തുടരുകയാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഹൂത്തി മിലീഷ്യയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണ തേടി യെമന്‍ പ്രസിഡന്റ് റഷാദ് അല്‍അലീമി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ഫോണില്‍ സംസാരിച്ചു. ഹൂത്തികള്‍ക്കെതിരായ ആയുധ ഉപരോധം ഉറപ്പാക്കാനും ഫണ്ടിംഗ് സ്രോതസ്സുകള്‍ തടയാനും യു.എന്‍ രക്ഷാസമിതി വഴി നടപടി വേണമെന്ന് അല്‍അലീമി ആവശ്യപ്പെട്ടു.
ഹൂത്തികള്‍ 70-ലധികം യു.എന്‍ ജീവനക്കാരെയടക്കം ആയിരക്കണക്കിന് ആളുകളെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും, വെടിനിര്‍ത്തല്‍ സംരംഭങ്ങളെ മറയാക്കി വീണ്ടും സംഘടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്തുണയുമായി യു.എന്നും ജി.സി.സിയും
യെമനിലെ ഹൂത്തി ആക്രമണങ്ങളെയും യു.എന്‍ ജീവനക്കാരെ തടങ്കലില്‍ വെച്ചതിനെയും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുപ്പിച്ചു അപലപിച്ചു. യെമന്‍ സര്‍ക്കാരിനും സൗദി അറേബ്യക്കും ഐക്യരാഷ്ട്രസഭയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ആയുധ ഉപരോധം കര്‍ശനമാക്കണമെന്നും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും ഗള്‍ഫ് സഹകരണ കൗണ്‍സിലും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.







