ജിദ്ദ– സൗദി അറേബ്യയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം (2025) രാജ്യത്തെ ആകെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 15.64 കോടിയായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2024-ല്‍ 4.27 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണത്തിലാണ് 266.5 ശതമാനത്തിന്റെ കൂറ്റന്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.
നഗരങ്ങള്‍ക്കുള്ളിലെ റെയില്‍ സര്‍വീസുകളുടെ ആവിര്‍ഭാവവും വികാസവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണമായത്. നഗരത്തിനുള്ളിലെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 2024-ലെ 3.11 കോടിയില്‍ നിന്ന് 368 ശതമാനം വർധിച്ച് 2025-ല്‍ 14.54 കോടിയായി ഉയര്‍ന്നു. അതേസമയം, ഇന്റര്‍സിറ്റി (നഗരാന്തര) ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 5.6 ശതമാനത്തിന്റെ കുറവുണ്ടായി. 2024-ല്‍ 1.16 കോടിയായിരുന്നത് 1.09 കോടിയായി കുറഞ്ഞു.
ഡിസംബറില്‍ റെക്കോഡ് യാത്രക്കാര്‍; റിയാദ് മെട്രോ മുന്നില്‍
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ട്രെയിന്‍ യാത്രക്കാര്‍ ഡിസംബറിലായിരുന്നു (1.59 കോടി). ഏപ്രിലിലാണ് ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് രേഖപ്പെടുത്തിയത് (1.08 കോടി).
2025-ല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ആകെ 14 ലക്ഷത്തോളം സര്‍വീസുകള്‍ നടത്തുകയും 4.23 കോടി കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു. ഇതില്‍ റിയാദ് മെട്രോ മാത്രം 9,49,400 യാത്രകളിലായി 2.68 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. ഇന്റര്‍സിറ്റി പാസഞ്ചര്‍ സർവീസുകൾ 2024-ലെ 35,614-ല്‍ നിന്ന് 42,827 ആയി ഉയര്‍ന്നു.
ചരക്ക് ഗതാഗതത്തിലും മികച്ച നേട്ടം
കഴിഞ്ഞ വര്‍ഷം റെയിൽ വഴി നീക്കം ചെയ്ത ആകെ ചരക്കിന്റെ അളവ് 1.61 കോടി ടണ്ണിലെത്തി. 2024-ല്‍ ഇത് 1.56 കോടി ടണ്ണായിരുന്നു. ആകെ ചരക്ക് നീക്കത്തിന്റെ 89.7 ശതമാനവും (1.44 കോടി ടൺ) ഉത്തര റെയില്‍വേ വഴിയാണ് നടന്നത്. ഫോസ്ഫേറ്റ് (51 ലക്ഷം ടണ്‍), ബോക്സൈറ്റ് (50 ലക്ഷം ടണ്‍), ഫോസ്ഫോറിക് ആസിഡ് (26 ലക്ഷം ടണ്‍), ഉരുകിയ സള്‍ഫര്‍ (17 ലക്ഷം ടണ്‍) എന്നിവയാണ് പ്രധാനമായും ഇതിലൂടെ കൊണ്ടുപോയത്.
ഈസ്റ്റേണ്‍ ട്രെയിന്‍ 17 ലക്ഷം ടണ്‍ ചരക്ക് നീക്കം ചെയ്തു. ഇതില്‍ ചുണ്ണാമ്പുകല്ല്, ധാന്യം, സിമന്റ് എന്നിവയ്ക്കൊപ്പം 9,15,400 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകളും ഉള്‍പ്പെടുന്നു. മാര്‍ച്ചില്‍ മാത്രം 89,900 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു. ചരക്ക് ട്രെയിന്‍ സർവീസുകളുടെ എണ്ണം 6,807-ല്‍ നിന്ന് 8,885 ആയി വര്‍ധിച്ചു.
സമയനിഷ്ഠയില്‍ ഹറമൈന്‍ മുന്നില്‍
ട്രെയിനുകളുടെ സമയനിഷ്ഠയില്‍ 97.8 ശതമാനം കൃത്യതയോടെ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ ഒന്നാമതെത്തി. ഈസ്റ്റേണ്‍ റെയില്‍വേ 96.1 ശതമാനവും ഉത്തര റെയില്‍വേ 94.3 ശതമാനവും സമയനിഷ്ഠ പാലിച്ചു.
കഴിഞ്ഞ വര്‍ഷം ഈസ്റ്റേണ്‍ റെയില്‍വേയില്‍ ഒരു സര്‍വീസ് പോലും റദ്ദാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. ഹറമൈന്‍ റെയില്‍വേയില്‍ 0.17 ശതമാനവും ഉത്തര റെയില്‍വേയില്‍ 0.35 ശതമാനവുമാണ് റദ്ദാക്കല്‍ നിരക്ക്.







