കുവൈത്ത് സിറ്റി– രോഗികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്അവദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് ഹെല്‍ത്ത് സെന്ററുകള്‍, ഒരു ഡിസ്പെന്‍സറി, ഒരു ഡെന്റല്‍ സെന്റര്‍, ഒരു സ്വകാര്യ ക്ലിനിക് എന്നിവയാണ് പൂട്ടിയത്. കൂടാതെ, മറ്റൊരു ഡിസ്പെന്‍സറിയിലെ ലബോറട്ടറി പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.
മെഡിക്കല്‍ ലയബിലിറ്റി അതോറിറ്റി ആവശ്യമായ നടപടിക്രമങ്ങളും അന്വേഷണങ്ങളും പൂര്‍ത്തിയാക്കുന്നതുവരെ അടച്ചുപൂട്ടലും സസ്പെന്‍ഷനും പ്രാബല്യത്തില്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രധാന നിയമലംഘനങ്ങള്‍:
- അനധികൃത ചികിത്സകള്‍: പ്രൊഫഷണല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നഴ്സ് രോഗികളില്‍ ഒരാള്‍ക്ക് ലേസര്‍ ചികിത്സ നടത്തിയത്. റേഡിയോളജി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സില്ലാതെ ഡെന്റല്‍ ഡോക്ടര്‍ എക്സ്-റേ ഇമേജിംഗ് നടത്തിയത്. അംഗീകൃത ലൈസന്‍സുകളുടെ പരിധിക്കപ്പുറം സേവനങ്ങള്‍ നല്‍കിയത്.
- ലബോറട്ടറിയിലെ വീഴ്ചകള്‍: ലബോറട്ടറിയിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് സാമ്പിള്‍, റീജന്റ് സ്ഥിരത, ഉപകരണ പ്രകടനം എന്നിവയെ ബാധിക്കുന്ന രീതിയില്‍ താപനില ഉയര്‍ന്നത് മന്ത്രാലയ പരിശോധകര് കണ്ടെത്തി.
- മറ്റ് സുരക്ഷാ വീഴ്ചകള്‍: കാലഹരണപ്പെട്ട മെറ്റീരിയലുകളും ടെസ്റ്റ് ട്യൂബുകളും ഉപയോഗിക്കല്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകതകള്‍ പാലിക്കാതിരിക്കല്‍, ഷാര്‍പ്പുകളും മലിനമായ വസ്തുക്കളും അനുചിതമായി കൈകാര്യം ചെയ്യല്‍.
- ഭരണപരമായ വീഴ്ചകള്‍: ഗുണനിലവാര നിയന്ത്രണത്തിലും ഉപകരണ പരിപാലനത്തിലുമുള്ള പോരായ്മകള്‍, അഡ്മിനിസ്ട്രേറ്റീവ് മേല്‍നോട്ടത്തിലെ വീഴ്ചകള്‍, ലൈസന്‍സില്ലാത്ത സേവനങ്ങള്‍ നല്കി അവ പരസ്യം ചെയ്യല്‍ തുടങ്ങിയ ഗുരുതര ലംഘനങ്ങളും സ്ഥാപനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







