ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനം ആകാശത്തുവെച്ച് തകർക്കാൻ ശ്രമിച്ച കോ-പൈലറ്റ് ഒമാൻ പൗരനാണെന്ന് ഇസ്രായേലി ചാനൽ 14 വെളിപ്പെടുത്തി. 150-ഓളം ഇസ്രായേലികൾ ഉൾപ്പെടെ 180 യാത്രക്കാരുമായി പറന്ന എഫ്.ഇസഡ് 1073 (FZ 1073) വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റും കോ-പൈലറ്റും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോ-പൈലറ്റ് വിമാനം തകർക്കാനും ഗതിമാറ്റാനും ശ്രമിച്ചെങ്കിലും, യാത്രക്കാരുടെ സഹായത്തോടെ പൈലറ്റ് ഇയാളെ കീഴടക്കുകയായിരുന്നു. തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു.
വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും ഗതിമാറുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് വിമാനം പതിച്ചതായാണ് ഡാറ്റ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് വിമാനം മനഃപൂർവം തകർക്കാൻ ശ്രമിച്ചതാണെന്ന് ഉറപ്പിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും അധികൃതർ വ്യക്തമാക്കി.
കോക്പിറ്റിൽ വെച്ച് ആക്രമണത്തിനിരയായ യു.എ.ഇ സ്വദേശിയായ പൈലറ്റ് കഴുത്തിന് പരിക്കേറ്റ നിലയിൽ പുറത്തുവന്ന് സഹായത്തിനായി അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ യാത്രക്കാർ ഓടിയെത്തി ഒമാനി കോ-പൈലറ്റിനെ ബലമായി കീഴ്പ്പെടുത്തുകയും പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കുകയുമായിരുന്നു.
തബൂക്ക് എയർപോർട്ടിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ പരിക്കേറ്റ പൈലറ്റിനും കോ-പൈലറ്റിനും വിമാനത്തിനുള്ളിൽ വെച്ച് പ്രഥമശുശ്രൂഷ നൽകുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിക്കുന്നതിനായി തബൂക്കിലേക്ക് രണ്ട് ബദൽ വിമാനങ്ങൾ അയച്ചതായി ഫ്ളൈ ദുബായ് അറിയിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഫ്ളൈ ദുബായ് അഭ്യർത്ഥിച്ചു.







