റിയാദ്- റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ നടത്തിവരുന്ന വാക്കിങ് ചലഞ്ചിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. വി ഗോ ഫിറ്റ് 3 എന്നാണ് മൂന്നാം ഘട്ട മുദ്രാവാക്യം. പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങങ്ങളെക്കുറിച്ച് അവബോധം നല്കുന്നതിന്റെയും പ്രായോഗിക പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് വാക്കിങ് ചലഞ്ച്.
ഓരോരുത്തരും ഒരു മാസം കൊണ്ട് ചുരുങ്ങിയത് നൂറ് കിലോമീറ്റര്‍ എങ്കിലും നടക്കുകയെന്നതാണ് ലക്ഷ്യം. കോഴിക്കോടന്‍സ് മെമ്പര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലോകത്തെവിടെവെച്ചും ഇതില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് ചലഞ്ച് രൂപകല്പന ചെയ്തിരിക്കുന്നത്. മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓരോരുത്തരുടെയും നടത്തം വിലയിരുത്തിയാണ് ചലഞ്ച് മുന്നോട്ടുപോവുന്നത്. മികച്ച രീതിയില്‍ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. സമാപന ദിവസം കോഴിക്കോടന്‍സ് മെമ്പര്‍മാര്‍ക്കായി മാരത്തോണ്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
മുന്‍ ഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ ചലഞ്ച്. നാല് ഗ്രൂപ്പുകളുടെ ലീഡര്‍മാരായി വി.കെ.കെ. അബ്ബാസ്, മിര്‍ഷാദ് ബക്കര്‍, മുനീബ് പാഴൂര്‍, ഉമ്മര്‍ മുക്കം എന്നിവരെ തെരഞ്ഞെടുത്തു. റിയാദ് അല്‍ നഹ്ദ പാര്‍ക്കില്‍ നടന്ന പരിപാടി കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു ഫ്ലാഗ് ഓഫ് ചെയ്തു. മുന്‍ ഓര്‍ഗനൈസര്‍മാരായ ഹസന് ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്യുദ്ദീന്‍, മുജീബ് മൂത്താട്ട്, ഗ്രൂപ്പ് ലീഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റയീസ് പൂനൂര്, അന്‍സാര്‍ കൊടുവള്ളി, അബ്ദുറഷീദ് പൂനൂര്, സി.ടി. സഫറുള്ള എന്നിവര്‍ നേതൃത്വം നല്കി.



