റിയാദ്: കേടായ വാഹനം റിക്കവറി വാഹനത്തിൽ കയറ്റുന്നതിനിടെയുണ്ടായ മറ്റൊരു കാറിടിച്ചു മരിച്ച ബിഹാർ സ്വദേശിയായ പ്രവാസിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. ബിഹാർ സ്വദേശിയായ ഡ്രൈവർ മുഹമ്മദ് ആസിഫ് (53) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി റിയാദിലെ പ്രിൻസ് തുർക്കി അൽ അവ്വൽ റോഡിലായിരുന്നു അപകടം. വാഹനം കേടായതിനെ തുടർന്ന് റിക്കവറി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ, പിന്നിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും ബന്ധുക്കളും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിനെ സമീപിക്കുകയായിരുന്നു. തുടർന്ന് റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി, റിയാദ് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്, ആശുപത്രി എന്നിവിടങ്ങളിലെ ഔദ്യോഗിക പേപ്പർവർക്കുകൾ വേഗത്തിൽ പൂർത്തിയാക്കി.
വെൽഫെയർ വിങ്ങ് വളണ്ടിയർമാരായ ജുനൈദ് താനൂർ, നസീർ കണ്ണീരി എന്നിവർക്കൊപ്പം മരിച്ച ആസിഫിന്റെ സഹോദരൻ കാശിഫ് അഹമ്മദും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടെയുണ്ടായിരുന്നു. നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ മൃതദേഹം നാളെ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകും.







