കുവൈത്ത് സിറ്റി: ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ഇന്ത്യക്കാരനെ ജഹ്‌റ പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ അൽ അബ്ദലി ഏരിയയിലുള്ള ഒരു ഫാമിലാണ് കൊലപാതകം നടന്നത്.
ഫാമിൽ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും നിരവധി തവണ കുത്തേറ്റ നിലയിൽ ഇന്ത്യൻ യുവാവ് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്നതാണ് കണ്ടത്.
കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പോലീസ് വലയിലാക്കുകയായിരുന്നു. സമീപത്തെ മറ്റൊരു ഫാമിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ വൈകാതെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അധികൃതർ കണ്ടെടുത്തിട്ടുണ്ട്. തുടർ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മരിച്ചയാളുടെയോ പ്രതിയുടെയോ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.







