ജിദ്ദ – യെമനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും ശക്തമായി നേരിടുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു. സൗദി, യു.എ.ഇ ശ്രമങ്ങളെ പിന്തുണക്കാനും സാധാരണക്കാരെ സംരക്ഷിക്കാനുമാണ് യെമനില്‍ സ്വീകരിച്ച നടപടികളിലൂടെ സഖ്യസേന ലക്ഷ്യമിടുന്നത്. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനു കീഴിലെ സായുധ ഗ്രൂപ്പുകള്‍ ഹദ്‌റമൗത്ത് ഗവര്‍ണറേറ്റില്‍ നടത്തുന്ന ഗുരുതരവും ഭയാനകവുമായ മനുഷ്യാവകാശ ലംഘനങ്ങള്‍ കാരണം സാധാരണക്കാരെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യെമന്‍ പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമി സമര്‍പ്പിച്ച അപേക്ഷ കണക്കിലെടുത്ത്, സ്ഥിതിഗതികള്‍ ലഘൂകരിക്കാനും, ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സേനയെ പിന്‍വലിക്കുന്നത് സുഗമമാക്കാനും ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന് എസ്.ടി.സി സൈനിക ക്യാമ്പുകള്‍ കൈമാറാനും പ്രാദേശിക അധികൃതരെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കാനും സൗദി അറേബ്യയുടെയും യു.എ.ഇയും സംയുക്തവുമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്ക് വിരുദ്ധമായ ഏതൊരു സൈനിക നടപടിയും, സിവിലിയന്‍ ജീവന്‍ സംരക്ഷിക്കാനും സൗദി, യു.എ.ഇ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കാനുമായി നേരിട്ടും ഉടനടിയും കൈകാര്യം ചെയ്യുമെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.
നിയമാനുസൃതമായ യെമന്‍ സര്‍ക്കാരിനുള്ള സഖ്യസേനയുടെ തുടര്‍ച്ചയായതും അചഞ്ചലവുമായ പിന്തുണ മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി സ്ഥിരീകരിച്ചു. എല്ലാ കക്ഷികളും അവരുടെ ദേശീയ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കണമെന്നും സംയമനം പാലിക്കണമെന്നും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനുള്ള സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളോട് പ്രതികരിക്കണമെന്നും സഖ്യസേനാ വക്താവ് ആഹ്വാനം ചെയ്തു. യെമന്റെ കിഴക്കന്‍ ഗവര്‍ണറേറ്റുകളില്‍ വര്‍ധിച്ചുവരുന്ന സംഭവങ്ങള്‍ക്കിടയില്‍, യെമന്‍ പ്രസിഡന്റും സായുധ സേനാ സുപ്രീം കമാന്‍ഡറുമായ റശാദ് അല്‍അലീമി, സൗദി നേതൃത്വത്തിലുള്ള സഖ്യസേനയോട് വെടിനിര്‍ത്തല്‍ നടപ്പാക്കാനും മധ്യസ്ഥ ശ്രമങ്ങള്‍ സംരക്ഷിക്കാനും യെമന്‍ സായുധ സേനയെ പിന്തുണക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ സൈനിക നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു യെമന്‍ പ്രസിഡന്റ്.
ഹദ്‌റമൗത്ത്, അല്‍മഹ്റ ഗവര്‍ണറേറ്റുകളിലെ സ്ഥിതിഗതികള്‍, സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ഏകപക്ഷീയമായ നടപടികള്‍, യെമനിലും മേഖലയിലും സുരക്ഷക്കും സ്ഥിരതക്കും ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ എന്നിവ ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ അടിയന്തര യോഗം വിശകലനം ചെയ്തു.
ഈ മാസാദ്യം മുതല്‍ തുടരുന്ന സംഘര്‍ഷാവസ്ഥ, അധികാര കൈമാറ്റ പ്രഖ്യാപനം, റിയാദ് കരാര്‍ എന്നിവയുള്‍പ്പെടെയുള്ള പരിവര്‍ത്തന ഘട്ട പദ്ധതിയുടെ വ്യക്തമായ ലംഘനമാണെന്നും സൗദി, യു.എ.ഇ മധ്യസ്ഥ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും നിയമാനുസൃതമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ കലാപമായും കൗണ്‍സില്‍ കണക്കാക്കി. സംഘര്‍ഷാവസ്ഥ ശാന്തമാക്കാനും ലഘൂകരിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും ദേശീയ പ്രതിരോധ കൗണ്‍സില്‍ പറഞ്ഞു.



