ഗാസ – ഗാസയില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴിയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം 171 സര്‍ക്കാരിതര ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം സാധാരണക്കാരുടെ മരണത്തിനും പരിക്കിനും ഇടയാക്കുന്നതായി ചാരിറ്റി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. മെയ് അവസാനത്തോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം കാവല്‍ നില്‍ക്കുന്ന വഴികള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 500 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ മെഡിക്കല്‍ അധികൃതര്‍ പറയുന്നു.
സഹായം വഴിതിരിച്ചുവിടാന്‍ ഹമാസ് പോരാളികളെ അനുവദിച്ചതായി ഇസ്രായില്‍ പറയുന്ന യു.എന്‍ നേതൃത്വത്തിലുള്ള സഹായ വിതരണ സംവിധാനം മറികടന്ന് ഗാസയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സ്വകാര്യ യു.എസ് സുരക്ഷാ, ലോജിസ്റ്റിക് കമ്പനികളെ ഉപയോഗിക്കുന്നു. പദ്ധതി സുരക്ഷിതമല്ല എന്നും മാനുഷിക നിഷ്പക്ഷതാ നിയമങ്ങളുടെ ലംഘനമാണെന്നും യു.എന്‍ വിശേഷിപ്പിക്കുന്നു.
ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പദ്ധതി നിര്‍ത്തലാക്കാനും ഐക്യരാഷ്ട്രസഭയിലൂടെ ഏകോപിപ്പിച്ച സഹായം പുനഃസ്ഥാപിക്കാനും ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് 171 ചാരിറ്റി സംഘടനകള്‍ ജനീവയില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. പട്ടിണി കിടന്ന് മരിക്കുക, അല്ലെങ്കില്‍ കുടുംബങ്ങളെ പോറ്റാന്‍ ഭക്ഷണം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റ് മരിക്കുക എന്നിവക്കിടയില്‍ അസാധ്യമായ ഒരു തിരഞ്ഞെടുപ്പിനെ ഗാസയിലെ ഫലസ്തീനികള്‍ അഭിമുഖീകരിക്കുന്നതായി പ്രസ്താവന പറഞ്ഞു.
ഓക്‌സ്ഫാം, മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്, സേവ് ദി ചില്‍ഡ്രന്‍, നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവ പ്രസ്താവനയില്‍ ഒപ്പുവെച്ച സംഘടനകളില്‍ ഉള്‍പ്പെടുന്നു. പട്ടിണി കിടക്കുന്നവരും ദുര്‍ബലരുമായ ആളുകളെ ഭക്ഷ്യസഹായം ലഭിക്കാന്‍ മണിക്കൂറുകളോളം, ചിലപ്പോള്‍ സജീവ സംഘര്‍ഷ മേഖലകളിലൂടെ നടക്കാന്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നിര്‍ബന്ധിതരാക്കുന്നതായി സര്‍ക്കേരതര സംഘടനകള്‍ ആരോപിച്ചു.
ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളില്‍ ഫലസ്തീന്‍ സിവിലിയന്മാര്‍ ആക്രമിക്കപ്പെട്ടതായി ഇസ്രായില്‍ സൈന്യം തിങ്കളാഴ്ച സമ്മതിച്ചു. സഹായം ഹമാസ് പോരാളികളുടെ കൈകളില്‍ എത്തുന്നത് തടയാന്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം തങ്ങളുടെ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
ക്യാപ്.
വടക്കന്‍ ഗാസയിലെ ഗാസ സിറ്റിയിലേക്ക് പോകുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാം വാഹനവ്യൂഹത്തില്‍ നിന്ന് ഇറക്കിയ ഭക്ഷണവും മാനുഷിക സഹായങ്ങളും അടങ്ങിയ ബാഗുകളും പെട്ടികളുമായി ഫലസ്തീനികള്‍ നടന്നുനീങ്ങുന്നു. വലത്ത്: ദക്ഷിണ ഗാസ സ്ട്രിപ്പിലെ ഖാന്‍ യൂനിസിലുള്ള യു.എസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനില്‍ നിന്ന് റിലീഫ് വസ്തുക്കള്‍ സ്വീകരിക്കാന്‍ പോകുന്ന ഫലസ്തീനികള്‍.