തെൽഅവീവ്- ഹോർമുസ് കടലിടുക്കിൽ സംഘർഷം പുകയുന്നതിനിടെ ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നു. ഇറാന്റെ ഊർജ്ജ നിലയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതികളെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിയതായി ഇസ്രായേൽ വൃത്തങ്ങൾ സൂചിപ്പിച്ചു. ഏപ്രിലിലെ വെടിനിർത്തലിന് മുൻപ് തന്നെ തയ്യാറാക്കിയ ഈ പ്ലാനുകൾ നടപ്പിലാക്കുന്നതിലൂടെ, ചർച്ചകളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാനെ പ്രേരിപ്പിക്കാമെന്നാണ് ഇസ്രായേൽ കരുതുന്നത്. ഒരു ചെറിയ കാലയളവിൽ തീവ്രമായ ആക്രമണം അഴിച്ചുവിട്ട് ഇറാനുമേൽ സമ്മർദ്ദം ചെലുത്താനാണ് ഇവർ ലക്ഷ്യമിടുന്നത്.
ഇറാനെ പ്രതിരോധിക്കാനുള്ള യുഎസ് സൈനിക നീക്കത്തിന്റെ ഭാഗമായി ‘ജോർജ് എച്ച്.ഡബ്ല്യു ബുഷ്’ എന്ന ഭീമൻ വിമാനവാഹിനിക്കപ്പൽ അറേബ്യൻ കടൽ വഴി മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്കായുള്ള ‘ഓപ്പറേഷൻ ഫ്രീഡം പ്രോജക്റ്റിന്റെ’ ഭാഗമായാണ് അറുപതിലേറെ വിമാനങ്ങളുള്ള ഈ കപ്പൽ എത്തുന്നത്. നിലവിൽ ഇറാൻ തുറമുഖങ്ങൾക്കു മേൽ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് അമ്പതോളം കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇറാനുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ മുതിർന്നാൽ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന കടുത്ത ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. ഇതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.



