കയ്റോ: ഈജിപ്തിലെ ഗിസ ഗവര്‍ണറേറ്റില്‍ റിംഗ് റോഡിലുണ്ടായ ഇന്ധന ടാങ്കര്‍ സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ വന്‍ തീപിടുത്തത്തിലും മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഖാലിദ് അബ്ദുല്‍ ഗഫാര്‍ അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
ഇന്നലെ വൈകുന്നേരം കയ്‌റോയുടെ അതിര്‍ത്തിയായ ഗിസയിലെ വറാഖ് ഡിസ്ട്രിക്റ്റിലുള്ള തുരങ്കത്തിന് മുകളിലായിരുന്നു അപകടം. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയും തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന കാറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ 27 വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമിക കണക്ക്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ യുവാക്കള്‍ക്കും ദാരുണാന്ത്യം
അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ് സേന എത്തുന്നതിന് മുന്‍പ്, മറിഞ്ഞ ടാങ്കറില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാന്‍ ഓടിയെത്തിയ ഒരു കൂട്ടം യുവാക്കളും വഴിയാത്രക്കാരും തീഗോളത്തില്‍ അകപ്പെട്ട് വെന്തുമരിച്ചത് ഹൃദയഭേദകമായ കാഴ്ചയായി. ഡ്രൈവറുടെ ക്യാബിന് സമീപം ഇവര്‍ എത്തിയതും ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപ്പടര്‍ന്നതോടെ ഡ്രൈവര്‍ക്കൊപ്പം രക്ഷിക്കാനെത്തിയവരും അഗ്നിനാളങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഇവരുടെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി പടരുകയാണ്.
അടിയന്തര ഇടപെടലുമായി ഭരണകൂടം
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 39 ആംബുലന്‍സുകളും നിരവധി ഫയര്‍ ട്രക്കുകളും ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് എമര്‍ജന്‍സി സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. ഗിസയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകട അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി ആരോഗ്യ, സാമൂഹിക ഐക്യദാര്‍ഢ്യ മന്ത്രിമാരുമായി സംസാരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നഷ്ടപരിഹാര നടപടികളും വിലയിരുത്തി. അപകടകാരണത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



