ദുബായ്- റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നനേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു.
ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാരാണ്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വിസ മാറ്റുന്നതിനായി ഇന്നലെ രാവിലെ ഒമാനിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ പാസഞ്ചർ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.



