ദുബായ്- ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന
ഐ.സി.സി വനിതാ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിലെ പ്രകോപന പെരുമാറ്റത്തിന് പാക്ക് ക്യാപ്റ്റന് പിഴ. ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെയാണ് ഐ.സി.സി നടപടിയെടുത്തത്. ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയെ പ്രകോപിപ്പിച്ചത് ഐ.സി.സിയുടെ പെരുമാറ്റച്ചട്ട (ലെവൽ 1) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമയ്ക്ക് മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്.
ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ഷഫാലി വർമയെ പുറത്താക്കിയതിനു ശേഷം ഫാത്തിമ സന പ്രകോപനപരമായി ഷഫാലിക്ക് പുറത്തേക്കുള്ള വഴി കാണിക്കുകയായിരുന്നു. ഇത് ഒരു ബാറ്റർ പുറത്താകുമ്പോൾ അവരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങളെ വിലക്കുന്ന ഐ.സി.സി കോഡ് ഓഫ് കണ്ടക്ടിലെ ആർട്ടിക്കിൾ 2.5 ന്റെ ലംഘനമാണെന്ന് ഐസിസി വ്യക്തമാക്കി.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.
